കോതമംഗലം : വാരപ്പെട്ടി അമ്പലപടി ഭാഗത്ത് കോവിഡ് രോഗി വീട്ടിൽ നിന്നും ഇറങ്ങി റോഡിലൂടെയും ജംഗ്ഷനിലൂടെയും നടന്നത് ഞായറാഴ്ച നാട്ടുകാരെ വിഷമത്തിലാക്കിയിരുന്നു. വീട്ടിനുള്ളിൽ ഇരിക്കാൻ പറ്റില്ലെന്ന വാശിയിലാണ് ഇയാൾ ഇറങ്ങി നടന്നത്. അന്ന് വാർഡ് മെമ്പറും, ആരോഗ്യ വകുപ്പും, പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കുകയും, ഏറെ പരിശ്രമിച്ച് തിരിച്ച് ഇയാളെ വീട്ടിലാക്കിയത്. തുടർന്ന് കോവിഡ് രോഗി ഞായറാഴ്ച രാത്രിയിൽ വീണ്ടും പുറത്തിറങ്ങുകയും, നാട്ടുകാർ ഇടപെട്ട് ഇദ്ദേഹത്തെ അടുത്തുള്ള സഹോദരിയുടെ വീട്ടിൽ ആക്കുകയുമായിരുന്നു.
തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം കോവിഡ് രോഗി മുറിയുടെ വാതിൽ ബലം പ്രയോഗിച്ചു തുറന്ന് വാരപ്പെട്ടിയിലെ പ്രധാന നിരത്തിൽ ഇറങ്ങുകയും വഴിയാത്രക്കാർക്കും , വാഹന , വ്യാപാരസ്ഥാപനങ്ങളിലെ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പെരുമാറുകയുമായിരുന്നു. വാർഡ് മെമ്പറും, ആരോഗ്യവകുപ്പും, നാട്ടുകാരും പറയുന്നത് ചെവിക്കൊള്ളാതെ വന്നതോടുകൂടി പോലീസ് സ്ഥലത്തെത്തി ഇദ്ദേഹത്തെ വീട്ടിൽ ആക്കുകയായിരുന്നു.
നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കരുതലും ജാഗ്രതയും ഇല്ലാത്ത ഇതുപോലെയുള്ള കാര്യങ്ങൾ നാട്ടുകാരെ ഭീതിയിലേക്ക് തള്ളിവിടുന്ന അവസ്ഥയാണുള്ളത്. അധികാരികളുടെ ഭാഗത്തുനിന്നും ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും, നാട്ടുകാർക്ക് സുരക്ഷയൊരുക്കുവാൻ തക്ക മുൻകരുതലുകൾ ഉണ്ടാകണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.