വണ്ണപ്പുറം : ഇന്നലെ രാവിലെ വണ്ണപ്പുറം എസ് ബി ഐ ബാങ്കിന്റെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാനെത്തിയ ഉപഭോക്താവാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് കാളിയാർ പോലീസ് സ്ഥലത്തെത്തി ബാങ്ക് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഇവരെത്തി പരിശോധന നടത്തിയതോടെ എടിഎമ്മിന്റെ പൂട്ട് തകർത്തെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായി. കവർച്ചക്കാർ മുഖം മൂടി ധരിച്ചിരുന്നതായി സിസിടിവി ദൃശ്യത്തിലുണ്ട്. സംഘത്തിൽ അഞ്ചു പേരുള്ളതായാണ് സൂചനയെന്ന് കാളിയാർ പോലീസ് വെളിപ്പെടുത്തുന്നു. രണ്ടു പേർ അകത്തു കയറുകയും മൂന്നു പേർ പുറത്ത് സഹായികളായും ഉണ്ടായിരുന്നതായാണ് വിവരം.
ജില്ലാ പോലീസ് ആസ്ഥാനത്തു നിന്നെത്തിയ സ്റ്റെഫി എന്ന പോലീസ് നായ മണം പിടിച്ചു ഹൈറേഞ്ച് ജംഗ്ഷനിൽ കൂടി ഓടി സമീപത്തെ കടയുടെ അരികിലൂടെ കടന്ന് തിരികെ ബാങ്കിനു സമീപത്തെത്തി. കവർച്ചക്ക് ഉപയോഗിച്ച കമ്പിയും സി സി ടി വി ക്യാമറ മറക്കുവാനുപയോഗിച്ച ടൂത്തു പേസ്റ്റിന്റെ കവറും തെളിവായി കിട്ടിയിട്ടുണ്ട് .