കോതമംഗലം: ഊന്നുകല്ലില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ കൊല്ലപ്പെട്ട വേങ്ങൂര്‍ സ്വദേശിനി ശാന്തയുടെ ബാഗും മൊബൈല്‍ ഫോണും കോതമംഗലത്തെ കുരൂര്‍തോട്ടില്‍ നിന്ന് കണ്ടെടുത്തു. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീമിന്റെ സഹായത്തോടെയാണ് ഇന്നലെ കൂരൂര്‍തോട്ടില്‍ തെരച്ചില്‍ നടത്തിയത്. പ്രതിയായ അടിമാലി സ്വദേശി രാജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രാജഷ് ചൂണ്ടിക്കാണിച്ച ഭാഗത്തുനിന്ന് ആദ്യം ഫോണും പിന്നീട് ബാഗും ലഭിച്ചു. ബാഗില്‍ സാധന സാമഗ്രികളൊന്നും ഉണ്ടായിരുന്നില്ല.
റിമാന്‍ഡിലായിരുന്ന രാജേഷിനെ കസ്റ്റഡിയില്‍ വാങ്ങിയാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. വിശദമായ ചോദ്യം ചെയ്യലുമുണ്ടാകും. മൂന്നു ദിവസത്തേക്കാണ് പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുള്ളത്. കൊലപാതകത്തിനും വീടിന്റെ പൂട്ട് പൊളിക്കാനും ഉപയോഗിച്ച ചുറ്റികകള്‍ രാജേഷ് താമസിച്ചിരുന്ന നേര്യമംഗലത്തെ വാടകവീട്ടില്‍ നിന്നും പോലിസ് നേരത്തെ കണ്ടെടുത്തിരുന്നു. അടിമാലിയില്‍ വിറ്റഴിച്ച ശാന്തയുടെ ആഭരണങ്ങളും പോലീസ് കണ്ടെത്തിയിരുന്നു. ഒളിവില്‍പോയ രാജേഷിനെ ബുധനാഴ്ചയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
