ആലുവ : വിദ്യാർത്ഥികൾക്ക് വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ കേസിൽ ഇടനിലക്കാരൻ പിടിയിൽ. പാലക്കാട് തൃത്താല കല്ലുങ്ങൽ വളപ്പിൽ നഫ്സൽ (38) ആണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃതത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. തൊണ്ണൂറായിരം രൂപ വീതം വാങ്ങി രണ്ട് വിദ്യാർത്ഥികൾക്ക് മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റും, മഹാരാഷ്ട്രയിൽ നിന്നുള്ള പ്ലസ്ടു സർട്ടിഫിക്കറ്റും എത്തിച്ച് നൽകിയത് നഫ്സലാണ്. ലണ്ടനിൽ ഹോസ്റ്റൽ മെസ്സിൽ കുറച്ചു കാലം ജോലി ചെയ്ത ഇയാൾ അവിടെ വച്ച് പരിജയപ്പെട്ട ഹൈദരാബാദ് സ്വദേശിയിൽ നിന്നുമാണ് വ്യാജ സർട്ടിഫിക്കറ്റ് വാങ്ങിയത്. ഹൈദരാബാദിൽ നിന്നും ഇയാൾക്ക് കൊറിയർ വഴി വന്ന സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് നേരിട്ട് കൈമാറുകയായിരുന്നു.
അറുപതിനായിരം രൂപ ഹൈദരാബാദ് സ്വദേശിക്കും മുപ്പതിനായിരം രൂപ ഇയാൾക്കുമായിരുന്നു. വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വേണമന്ന് ഒരു സുഹൃത്ത് വഴിയാണ് അറിഞ്ഞതെന്ന് പോലിസിനോട് പറഞ്ഞു. ഇയാളുടെ തൃത്താലയിലുള്ള വീട്ടിലും പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. യു.കെ യിലെ കിംഗ്‌സ്റ്റൺ യൂണിവേഴ്സിറ്റിയിൽ എം.എസ്.സി. ഇൻറർനാഷണൽ ബിസിനസ് മാനേജ്മെൻറ് സ്റ്റഡീസിന് ചേരുന്നതിനാണ് ഇയാൾ വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തി നൽകിയത്.
ഇൻസ്പെക്ടർ പി.എം ബൈജു, സബ് ഇൻസ്പെക്ടർ അനീഷ് കെ ദാസ്, എസ്.സി.പി.ഒ മാരായ നവീൻ ദാസ്, ജിസ്മോൻ, കുഞ്ഞുമോൻ തുടങ്ങിയവരാണ് അന്വഷണ സംഘത്തിലുളളത്. അടുത്തടുത്ത ദിവസങ്ങളിലായി യു.കെ യിലേക്ക് പോകാനെത്തിയ ഏഴു വിദ്യാർത്ഥികളെയാണ് വ്യാജ സർട്ടിഫിക്കറ്റുമായി നെടുമ്പാശ്ശേരിയിൽ പിടികൂടിയത്. അന്വേഷണം വ്യാപിപ്പിപ്പിച്ചിട്ടുണ്ടെന്നും കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നും എസ്.പി കെ.കാർത്തിക്ക് പറഞ്ഞു.