കോതമംഗലം: സംസ്ഥാന സർക്കാരിൻ്റെ മികച്ച അങ്കൻവാടി അധ്യാപകർക്കുള്ള അവാർഡ് കോതമംഗലത്ത് രണ്ട് പേർക്ക്. കവളങ്ങാട് പഞ്ചായത്ത് നേര്യമംഗലം അങ്കൻവാടിയിലെ പി.കെ. രാധിക, നെല്ലിക്കുഴി പഞ്ചായത്ത് ഇരമല്ലൂർ പള്ളിപ്പടി അങ്കൻവാടിയിലെ വി.കെ. സിന്ധു എന്നിവരാണ് കോതമംഗലത്ത് നിന്ന് അവാർഡിനർഹരായവർ. അധ്യാപന മികവ്,അങ്കൻവാടിയിലെ ശുചിത്വം, രജിസ്‌റ്റർ കൈകാര്യം ചെയ്യുന്നതിലെ മികവ്, കൂടുതൽ കുട്ടികളെ അംങ്കൻവാടിയിൽ എത്തിക്കൽ,ഭക്ഷണം നൽകൽ,കുട്ടികളിൽ തൂക്കക്കുറവ് കണ്ടെത്തി പ്രത്യേക പരിഗണന നൽകൽ, കുട്ടികളോടും രക്ഷിതാക്കളോടും സമൂഹത്തോടുമുള്ള ഇടപെഴകൽ തുടങ്ങിയ പ്രവർത്തന മികവിൻ്റെ അടിസ്‌ഥാനത്തിലാണ് അവാർഡ്. 8 ന് (8/3) തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന വനിതാ ദിനാഘോഷത്തിൽ അവാർഡ് ദാനം നടത്തും.
