കോതമംഗലം: പൂയംകുട്ടി വനത്തിൽ മലവെള്ളപാച്ചിലിൽപ്പെട്ട് ചത്ത ആനകളുടെ എണ്ണം വീണ്ടും ഉയർന്നു. ഇന്നലെ രണ്ട് ആനകളുടെ അഴുകിയ ജഡങ്ങൾകൂടി പുഴയിൽ കണ്ടെത്തി. ഇതോടെ ഇതുവരെ കണ്ടെത്തിയ ചത്ത ആനകളുടെ എണ്ണം എട്ടായി. ഇന്നലെ പുഴയിൽ കണ്ട രണ്ട് ആനകളുടെ ജഡങ്ങളിൽ ഒരെണ്ണം കരയ്ക്കെത്തിച്ചു. മറ്റൊരെണ്ണം പാറയിൽ അടിഞ്ഞെങ്കിലും ജലനിരപ്പ് ഉയർന്നതോടെ പുഴയിലൂടെ താഴേക്ക് ഒഴുകിപ്പോയി. കണ്ടംപാറക്കടുത്ത് മരത്തിൽതങ്ങിനിന്ന ജഡം വനപാലകർ കരയ്ക്കെത്തിച്ച് പോസ്റ്റുമോർട്ടം നടത്തി സംസ്കരിച്ചു.ഈ മാസം ആദ്യആഴ്ചയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ടാണ് ആനകൾ കൂട്ടത്തോടെ ചത്തത്.ആറ് ആനകളുടെ ജഡങ്ങൾ പൂയംകുട്ടിയിൽത്തന്നെ കരയ്ക്കെടുത്ത് സംസ്കരിച്ചിരുന്നു. ഒരെണ്ണം ചെറായിക്കടുത്ത് അറബിക്കടലിന്റെ തീരത്താണ് അടിഞ്ഞത്.
