പെരുമ്പാവൂർ: അധികൃതർ തെറ്റുതിരുത്തി, വെള്ളച്ചതുരം മഞ്ഞച്ചതുരമായി. പുഷ്പ ജംക്‌ഷനിൽ ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി വരച്ച വെള്ളച്ചതുരങ്ങളുടെ നിറമാണ് മഞ്ഞയാക്കിയത്. വെള്ളച്ചതുരങ്ങളുടെ ലക്ഷ്യം എന്താണെന്നു ഡ്രൈവർമാർക്കു മനസിലാകാത്തത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. സിഗ്നലുകൾ ഇല്ലാത്ത തിരക്കുള്ള കവലകളിൽ മഞ്ഞച്ചതുരങ്ങൾ വരയ്ക്കുന്നത് 2019ലെ മോട്ടർ വാഹന നിയമ ഭേദഗതി പ്രകാരമാണ്.
ചതുരങ്ങൾ മഞ്ഞ നിറത്തിലാകണമെന്നു നിർബന്ധമുണ്ട്. മഞ്ഞച്ചതുരത്തിൽ വാഹനം നിർത്തരുതെന്നാണ് നിയമം. തിരക്കുള്ള കവലയായതിനാൽ 4 വശത്തേക്കും വാഹനങ്ങൾ കടന്നു പോകുന്നതിനാണ് ഇത്.മഞ്ഞച്ചതുരം കടന്നു പോകാൻ കഴിയുമെങ്കിൽ മാത്രമേ വാഹനം മുന്നോട്ട് എടുക്കാവു. മഞ്ഞച്ചതുരത്തിൽ വാഹനം നിർത്തിയാൽ നിയമലംഘനമാണ്.