കോതമംഗലം: പൈങ്ങോട്ടൂർ പഞ്ചായത്തിലെ ചാത്തമറ്റത്തെ കാട്ടാന ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ ചാത്തമറ്റം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തി. പഞ്ചായത്ത് അംഗം റെജി സാന്റി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ലിസി കുരുവിള, റാജി വിജയൻ, റോബിൻ എബ്രാഹം, മെജോ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി. അടിക്കാടുകൾ വെട്ടിത്തെളിക്കുക, സോളാർ വഴിവിളക്കുകൾ സ്ഥാപിക്കുക, ആനകളെ ഉൾവനത്തിലേക്ക് തുരത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മുള്ളരിങ്ങാട് വനത്തിൽ തമ്പടിച്ചിട്ടുള്ള ആനക്കൂട്ടമാണ് മറ്റ് ജനവാസ മേഖലകൾക്കൊപ്പം ചാത്തമറ്റത്തിനും ഭീഷണിയാകുന്നത്. ആനകൾക്ക് പുറമെ കാട്ടുപന്നികളും കുരങ്ങുകളും വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്.
