Connect with us

Hi, what are you looking for?

NEWS

തൃശൂർ അറാക്കാപ്പിൽ നിന്നും ഇടമലയാറിലേക്കുള്ള പലായനത്തിന്റെ കരൾ നീറുന്ന അനുഭവങ്ങൾ വിവരിച്ച് ആദിവാസികൾ.

കോതമംഗലം: തൃശൂർ മലക്കപ്പാറയിലെ ഉൾക്കാട്ടിലുള്ള അറാക്കാപ്പ് ആദിവാസി കോളനിയിലെ 37 പേരുടെ കൊടുംകാട്ടിലൂടെയുള്ള പലായനകഥയ്ക്ക് പിന്നിൽ കരൾ നീറുന്ന അനുഭവങ്ങൾ. രണ്ട് വയസുമുതൽ 60 വയസുവരെയുള്ളവർ അടങ്ങുന്ന സംഘം കാൽനടയായും പ്രാകൃതമായ ചങ്ങാടങ്ങൾ കെട്ടിയുണ്ടാക്കിയും കോതമംഗംലം ഇടമലയാർ ഡാമിന് സമീപമെത്തിയത് അതിസാഹസികമായി. എങ്ങിനെയും ജീവിക്കണമെന്ന് ആഗ്രഹം മാത്രമാണ് അവരെ നയിച്ചത്. കഴിഞ്ഞ ഞായറാഴ്ച തുടങ്ങി​യതാണ് യാത്ര. രണ്ടര കിലോമീറ്റർ കൊടുങ്കാട്ടിലൂടെ നടന്ന് സംഘം ഇടമലയാർ പുഴയുടെ തീരത്തെത്തി. കാട്ടുമുളകൾ വള്ളികളും കയറും കൊണ്ട് കൂട്ടിക്കെട്ടി 15 ചങ്ങാടങ്ങൾ നി​ർമ്മി​ച്ചു. സമ്പാദ്യങ്ങളായ പാത്രങ്ങളും തുണി​കളും ഭാണ്ഡങ്ങളാക്കി​ ചങ്ങാടി​ത്തി​ലേറ്റി​ തിങ്കളാഴ്ച പുലർച്ചെ രണ്ടിന് യാത്ര തുടങ്ങി. മനുഷ്യവാസമില്ലാത്ത വനത്തിലെ പുഴയിലൂടെ കുറ്റാക്കൂരി​രുട്ടി​ൽ ഇടയ്ക്കി​ടെ കട്ടൻചായ മാത്രം കുടി​ച്ച് 11മണി​ക്കൂർ തുഴഞ്ഞാണ് 12 കുഞ്ഞുങ്ങളും 11 സ്ത്രീകളുമടങ്ങുന്ന സംഘം ഇടമലയാറി​ലെത്തി​യത്.

2018ലെ കനത്തമഴയിൽ അറാക്കാപ്പിലെ ആദിവാസി കോളനിക്ക് സമീപം ഉരുൾപൊട്ടലുണ്ടായി. അടുത്ത ഒരു ഉരുളിന് അവിടെ ആരും അവശേഷിക്കണമെന്നില്ല. പകരം സ്ഥലം ചോദിച്ച് കളക്ടർക്കും സർക്കാരിനും അപേക്ഷ നൽകി കാത്തിരിക്കുകയാണ്. അനുമതി കിട്ടും മുമ്പേ ജീവനൊടുങ്ങാതിരിക്കാനുള്ള ശ്രമമാണ് ഈ പലായനം. കോളനി ജനവാസയോഗ്യമല്ലെന്നും റോഡ് നിർമ്മിക്കൽ എളുപ്പമല്ലെന്നും മലയാറ്റൂർ ഡി.എഫ്.ഒ സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുമുണ്ട്. പകരം ഇവർ ആവശ്യപ്പെടുന്നത് തട്ടേക്കാട് പുല്ലുപാറയിൽ സ്ഥലം നൽകണമെന്നാണ്. മുതി​ർന്നയാളുകളെ കൂടെ കൂട്ടി​യി​ട്ടി​ല്ല. ഇവരെ എത്രയും വേഗം റോഡ് മാർഗം എത്തി​ക്കാനാണ് ശ്രമം.


അറാക്കാപ്പിൽ നിന്ന് ഇവർക്ക് സ്വന്തം വില്ലേജ് ഓഫീസായ അതിരപ്പള്ളിയിൽ എത്തണമെങ്കിൽ 72 കിലോ മീറ്റർ സഞ്ചരിക്കണം. അതേസമയം പുഴയിലൂടെ 26 കിലോമീറ്റർ മതി തട്ടേക്കാടെത്താൻ. ഇവിടെ റോഡ് സൗകര്യങ്ങളും കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യങ്ങളും ലഭിക്കും. സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിച്ചതിനാലാണ് കാലവർഷം ശക്തമാകും മുമ്പ് സംഘം ഉൗരുമൂപ്പൻ തങ്കപ്പന്റെ നേതൃത്വത്തിൽ നാടുവിടാൻ തീരുമാനിച്ചത്. തുടർന്ന് വൈശാലി ഗുഹയ്ക്ക് സമീപം കുടിൽ കെട്ടിയപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവരെ അനുനയിപ്പിച്ച് ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ എത്തിച്ചു. ഭൂമിക്ക് വേണ്ടി ഏഴാം ദിവസവും ഇവിടെ സമരത്തിലാണ് സംഘം.

കുട്ടികൾ പലപ്പോഴും പേടിച്ച് കരയുകയായിരുന്നു ഇത്രയും ദൂരം രാത്രിയിൽ പുഴയിലൂടെ സഞ്ചരിക്കുന്നത് അവരുടെ ആദ്യ അനുഭവമാണ്. ഇടമലയാർ എത്തിയപ്പോഴേക്കും പലരും തളർന്നു വീഴാറായി​. അറാക്കാപ്പിൽ ഒരു രീതിയിലും ജീവിക്കാനുള്ള സാഹചര്യം ഇല്ല, ഏതു നിമിഷവും നിലം പൊത്താവുന്ന കല്ലുകളും മണ്ണിടിച്ചിൽ ഉണ്ടാവുന്ന സ്ഥലമാണ്.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...