കോതമംഗലം : ഞായറാച്ച വൈകിട്ട് ഉണ്ടായ കാറ്റിലും മഴയത്തും തൃക്കാരിയൂർ ഹൈക്കോട്ട് കവല പടിക്ക മാലി റോഡിന് സമീപം താമസിക്കുന്ന കൊച്ചു ഞാലിൽ (കുറുങ്കര) രാമചന്ദ്രൻ്റെ വീടിനു മുകളിലേക്ക് ആഞ്ഞിലി മരം വീണ് വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. മരം വീണ സമയത്ത് രാമചന്ദ്രനും ഭാര്യ രാജിയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇരുവരും കഷ്ടിച്ച് ആണ് രക്ഷപെട്ടത്. രാമചന്ദ്രന്റെ തലയുടെ ഭാഗത്ത് ഓടിന്റെ കഷ്ണം വീണെങ്കിലും സാരമായ പരിക്കില്ലാതെ രക്ഷപെട്ടു. റവന്യു അധികൃതർ സ്ഥലം സന്ദർശിച്ചു.
വീടിന്റെ മേൽക്കൂര മുഴുവൻ തകർന്നു. ഭിത്തികൾ മുഴുവൻ വിണ്ടു കീറിയിട്ടുണ്ട്. വാർഡ് മെമ്പർ സന്ധ്യ സുനിൽകുമാറിന്റെയും, സേവാ ഭാരതി പ്രവർത്തകരായ സുമേഷ് മുല്ലേപുഞ്ചയിൽ, കെ എൻ ജയചന്ദ്രൻ, അഭിമന്യു വടക്കേക്കര, വിജിത് വിനോദ് , ശ്രീദത്തൻ എൻ, ദേവദത്തൻ, നിജിൻ തുലുശ്ശേരി, എന്നിവരുടെ നേതൃത്വത്തിൽ വീടിനു മുകളിലേക്ക് വീണ് കിടന്നിരുന്ന ആഞ്ഞിലി മരവും ചില്ലകളും വെട്ടി മാറ്റുകയും, വീട്ടിലെ മുഴുവൻ സാധന സാമഗ്രികളെല്ലാം സുരക്ഷിത സ്ഥലത്തേക്ക് മാറ്റി വയ്ക്കുകയും ചെയ്തു.
പ്രകൃതിക്ഷോപത്തിൽ ഉണ്ടായ ഈ നാശനഷ്ടം പരിഗണിച്ച് ഈ കുടുംബത്തിന് ഉടൻ വീട് നിർമിക്കുവാനുള്ള സാമ്പത്തിക സഹായം നൽകാൻ അധികൃതർ തയ്യാറാകണമെന്ന് സേവാഭാരതി ആവശ്യപ്പെട്ടു.