മുവാറ്റുപുഴ : തൃക്കളത്തൂർ പള്ളിക്കാവിൽ ശീവേലി തിടമ്പും മറ്റും മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. ആസ്സാം നാഗോൺ ജില്ലയിൽ ഡിംഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സാദിക്കുൽ ഇസ്ലാം (26) നെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കളത്തൂർ പള്ളിക്കാവിൽ 2021 സെപ്റ്റംബറിൽ അതിക്രമിച്ച് കടന്ന് വാതിൽ തകർത്ത് കാണിക്കവഞ്ചിയുടെ പൂട്ട് തുറക്കുകയും ശീവേലിതിടമ്പ്, തിരുമുഖം, ശംഖുകാൽ എന്നിവ മോഷ്ടിക്കുകയും ചെയ്തു. പ്രതിക്ക് വേറെയും മോഷണകേസുകൾ നിലവിൽ ഉണ്ട്. പായിപ്ര കവലയിൽ ഉള്ള കെട്ടിടത്തിൽ താമസിച്ച് പകൽ പണിക്ക് പോകാതെ നടന്ന് രാത്രിയിൽ ആണ് പ്രതി മോഷണം നടത്തിയത്. മോഷണത്തിന് ശേഷം സ്വന്തം നാട്ടിലേക്ക് പോയ പ്രതിയെ നീണ്ട അന്വേഷണം നടത്തിയാണ് പിടികൂടിയത്.
ഫിംഗർ പ്രിന്റ്, ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെ ശാസ്ത്രീയ രീതിയിൽ ഉള്ള അന്വേഷണം നടത്തിയാണ് പോലീസ് പ്രതിയിലേക്ക് എത്തിചേർന്നത്. പ്രതിയെ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി അന്യസംസ്ഥാന തൊഴിലാളികൾക്ക് യാതൊരു രേഖയും ഇല്ലാതെ താമസസൗകര്യം ഒരുക്കുന്നവരെ നിരീക്ഷിക്കാനും പോലീസ് ആരംഭം കുറിച്ചിട്ടുണ്ട്. ഡിവൈ.എസ്.പി മുഹമ്മദ് റിയാസിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്‌പെക്ടർ കെ എൻ രാജേഷ്, സബ് ഇൻസ്‌പെക്ടർമാരായ മാഹിൻ സലിം, കെ.കെരാജേഷ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ പി.എസ് ജോജി , പി.സി ജയകുമാർ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.എ അനസ് , ബിബിൽ മോഹൻ,സനൂപ് എന്നിവർ ഉണ്ടായിരുന്നു.