തൊമ്മൻകുത്തിൽ വനം വകുപ്പും പോലീസും കുരിശിൻ്റെ വഴി തടഞ്ഞതിൽ സർക്കാർ മറുപടി പറയണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. 60 വർഷമായുള്ള കൈവശഭൂമിയിൽ അവകാശം സ്ഥാപിക്കാനുള്ള വനം വകുപ്പിന്റെ നീക്കം ദുരുദ്ദേശ പരമാണ്. കുരിശ് പൊളിച്ചും കുരിശിന്റെ വഴി തടഞ്ഞും വനവിസ്തൃതി വർധിപ്പിക്കാൻ സർക്കാർ നോക്കരുത്. ഇത് അപകടമാണ്. ജില്ലയിൽ വനം റവന്യൂ വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷൻ ഇതു
വരെ പൂർത്തിയായിട്ടില്ല. ഇത് പരിഹരിക്കാനാണ് ജോയിന്റ് വെരിഫിക്കേഷൻ നടത്താനുള്ള സർക്കാർ ഉത്തരവ്.
ജോയിന്റ് വെരിഫിക്കേഷൻ നടത്തുന്നതിന് മുൻപ് കൈവശഭൂമിയിൽ അവകാശം സ്ഥാപിക്കാൻ വേണ്ടിയാണ് കുരിശ് പൊളിച്ചത്. ഇത് അംഗീകരിക്കാൻ കഴിയില്ല. ജില്ലയിൽ കൃഷിഭൂമി ഉൾപ്പടെ വനമാക്കി മാറ്റുന്ന സർക്കാർ അജണ്ടയുടെ ഭാഗമാണ് ഈ നടപടി. ക്രൈസ്തവവിശ്വാസകൾ രക്ഷയുടെ അടയാളമായിട്ടാണ് കുരിശിനെ കരുതുന്നത്. പീഡാനുഭവവാരാചരണത്തിലെ പ്രാത്ഥനക്ക് വേണ്ടി സ്ഥാപിച്ച കുരിശ് പൊളിക്കുകയും കുരിശിന്റെ വഴി തടയുകയും ചെയ്‌ത വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും എം പി പറഞ്ഞു
