കോതമംഗലം:: കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായിട്ടുള്ള “തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് “ന്റെ രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.തങ്കളം മുതൽ കോഴിപ്പിള്ളി വരെ വരുന്ന ഭാഗമാണ് നിർദിഷ്ട “തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് “. ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സ്ഥലം ഏറ്റെടുപ്പ് നടപടികൾ ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ വർഷങ്ങളിൽ പൂർത്തീകരിച്ചിരുന്നു. അതിന്റെ തുടർച്ചയിൽ ഒന്നാം പിണറായി സർക്കാരിൻ്റെ 2019 – 20 സംസ്ഥാന ബഡ്ജറ്റിൽ രണ്ട് റീച്ചുകളിലായി ബൈപ്പാസ് നിർമ്മാണത്തിന് 14.5 കോടി രൂപ അനുവദിച്ചത്.സ്ഥലം ഏറ്റെടുപ്പ് നടപടികൾ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ചതിനെ തുടർന്ന് ഒരു വർഷക്കാലം മുൻപ് തങ്കളം മുതൽ കലാ ഓഡിറ്റോറിയം വരെ വരുന്ന 4.5 കോടി രൂപ മുടക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ആ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്. അതിന്റെ തുടർച്ചയിലുള്ള കലാ ഓഡിറ്റോറിയം മുതൽ കോഴിപ്പിള്ളി വരെയുള്ള രണ്ടാം റീച്ചിൽ 10 കോടി രൂപ മുടക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. ബി എം ബി സി നിലവാരത്തിലാണ് റോഡിന്റെ നിർമ്മാണ പ്രവർത്തങ്ങൾ നടത്തുന്നത്.കൾ വർട്ട്,ഡ്രൈനേജ്,ഫുട് പാത്ത്,ട്രാഫിക് സേഫ്റ്റി സംവിധാനങ്ങൾ അടക്കം ഉൾപ്പെടുത്തി ആധുനിക നിലവാരത്തിലാണ് റോഡ് നിർമ്മിക്കുന്നത്.കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായിട്ടുള്ള ന്യൂ ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോട് കൂടി ഒരു റിങ്ങ് റോഡ് എന്നുള്ള കോതമംഗലത്തിന്റെ ആവശ്യം പൂർത്തീകരിക്കപ്പെടുകയാണ്. കോതമംഗലത്തിന്റെ ഗതാഗത കുരിക്കിന് വലിയ തോതിൽ പരിഹാരമാകുന്നതും വികസന കുതിപ്പിന് വലിയ കരുത്ത് പകരുന്നതുമാണ് ഈ പദ്ധതി.
ന്യൂ ബൈപ്പാസ് റോഡിന്റെ നിർമ്മാണ പ്രവർത്തങ്ങൾ വളരെ വേഗത്തിൽ പൂർത്തീകരിക്കുവാൻ റോഡ് കടന്നു പോകുന്ന പ്രദേശത്തെ ജനങ്ങളുടെ എല്ലാവിധ സഹകരണവും പിന്തുണയും ഉണ്ടാകണമെന്ന് എം എൽ എ അഭ്യർത്ഥിച്ചു.നിർമ്മാണ പ്രവർത്തങ്ങൾ ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ – ജന പ്രതിനിധി സംഘം വിലയിരുത്തി.എം എൽ എ യെ കൂടാതെ മുനിസിപ്പൽ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ എ നൗഷാദ്,കെ വി തോമസ്,കൗൺസിലർമാരായ ഷിനു കെ എ,അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്, പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനീയർ അരുൺ എം എസ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.