കോതമംഗലം: ആയിരക്കണക്കിന് കണക്കിന് യാത്രക്കാര്‍ വന്നുപോകുന്ന കോതമംഗലത്തെ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചിട്ടിട്ടു ദിവസങ്ങളായി. ഇതോടെ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യമില്ലാതെ യാത്രക്കാര്‍ വലയുന്നു. വെള്ളമില്ലാത്തതിനാലാണു ശുചിമുറി തുറക്കാത്തത് എന്നാണ് വിശദീകരണം. വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് കണക്ഷനാണ് ഇവിടെ ഉപയോഗിക്കുന്നത്. സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ പ്രാഥമികാവശ്യങ്ങള്‍ക്കായി ഹോട്ടലുകളേയും ആശുപത്രികളേയും മറ്റും ആശ്രയിക്കേണ്ട അവസ്ഥയാണ്. കംഫര്‍ട്ട് സ്റ്റേഷന്റെ പ്രവര്‍ത്തനം താളം തെറ്റിയിട്ടും മുനിസിപ്പല്‍ അധികൃതരുടെ ഭാഗത്തുനിന്ന ഇടപെടലുണ്ടായിട്ടില്ല. ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം പുതിയ കംഫര്‍ട്ട് സ്റ്റേഷന്റെ നിര്‍മാണം തുടങ്ങിയെങ്കിലും പൂര്‍ത്തീകരണം വൈകുകയാണ്.
