പോത്താനിക്കാട്: കോതമംഗലത്തിന് സമീപം പിടവൂര്‍ മുസ്ലിം പള്ളിയില്‍ ഗ്ലാസ്സ് ഡോര്‍ തകര്‍ത്ത് മോഷണം. കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെ പിടവൂര്‍ ബദരിയ്യ ജുമാ മസ്ജിദിലാണ് മോഷണം നടന്നത്. അര്‍ദ്ധരാത്രിയില്‍ കനത്ത മഴയില്‍ പാന്റും ഷര്‍ട്ടും ധരിച്ചെത്തിയ മോഷ്ടാവ് ഗ്ലാസ്സ് ഡോര്‍ തകര്‍ത്ത് പള്ളി ഭണ്ഡാര കുറ്റി എടുത്തു കൊണ്ട് പോകുകയായിരുന്നു. മോഷ്ടാവ് അകത്തുകടക്കുന്നതിന്റെയും ഗ്ലാസ് ഡോര്‍ തകര്‍ക്കുന്നതിന്റെയും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മോഷ്ടാവിനെ ഉടന്‍ കണ്ടെത്താനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് പള്ളി സെക്രട്ടറി അജിംസ് പറഞ്ഞു. പോത്താനിക്കാട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. പള്ളിയിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
