കോതമംഗലം: നാട്ടില്‍ ഭീതി വിതച്ച് മുറിവാലന്‍ കൊമ്പന്‍. കോതമംഗലം, കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടി, കൂവക്കണ്ടം, ചീനിക്കുഴി, വടക്കുംഭാഗം, വാവേലി തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച തുടര്‍ച്ചയായി ഈ മേഖലകളില്‍ കാര്‍ഷിക വിളകള്‍ക്ക് കനത്ത നാശനഷ്ടമാണ് കാട്ടാനകള്‍ ഉണ്ടാക്കിയിരിക്കുന്നത്. ജനവാസ മേഖലകളില്‍ ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത് പതിവായി എത്തുന്ന മുറിവാലന്‍ കൊമ്പാന്‍ എന്ന് നാട്ടുകാര്‍ ഭീതിയോടെ വിളിക്കുന്ന കാട്ടാനയാണ്. പടക്കം പൊട്ടിച്ചാല്‍പ്പോലും ആന പിന്തിരിയില്ലായെന്നതാണ് നാട്ടുകാരെയും, വനപാലകരെയും കുഴപ്പിക്കുന്നത്. രണ്ട് ദിവസം മുമ്പ് പ്ലാമുടി ഭാഗത്ത് വീടുകള്‍ക്ക് സമീപം വരെ ആനകള്‍ എത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെ ചീനിക്കുഴിഭാഗത്ത് മനോജ് എന്ന കര്‍ഷകന്റെ റമ്പൂട്ടാന്‍, പൈനാപ്പിള്‍, ഫെന്‍സിംഗ് തുടങ്ങിയവ നശിപ്പിച്ചിട്ടുണ്ട്. വൈദ്യുതി കമ്പിയിലേക്ക് കൂറ്റന്‍ പനമരങ്ങള്‍ മുറിച്ചിട്ട് ലൈനുകള്‍ തകര്‍ന്നതിനാല്‍ വൈദ്യുതി തടസവും ഉണ്ടായിട്ടുണ്ട്.കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും, പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഏറ്റവും ഭീഷണി ഉയര്‍ത്തുന്ന മുറിവാലന്‍ കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും പ്രദേശവാസികള്‍ പറഞ്ഞു.
