കോതമംഗലം: ചേലാട് മാലിപ്പാറ റോഡില്‍ വാഹനം ഇടിച്ച് കലുങ്ക് ഭിത്തി തകര്‍ന്ന് കനാലില്‍ പതിച്ചു. ഈ ഭാഗത്ത് ടാറിംഗിനായി നിരത്തിയ മെറ്റല്‍ റോഡില്‍ ചിതറി കിടക്കുന്നതും വാഹനങ്ങളെ അപകടത്തില്‍പ്പെടുത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. പഴങ്ങരയ്ക്ക് സമീപത്തെ വളവിലാണ് അപകടം. പെരിയാര്‍വാലി ബ്രാഞ്ച് കനാലിന് മുകളിലുള്ള കലുങ്ക് ഭിത്തിയാണ് അപകടത്തില്‍ തകര്‍ന്നത്. തകര്‍ന്ന കലുങ്കിന്റെ അവശിഷ്ടങ്ങള്‍ കനാലില്‍ പതിച്ചു. തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടം. വാഹനം തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ ആണെന്നാണ് സൂചന. ഭിത്തി തകര്‍ന്ന് പോയ ഭാഗത്ത് അപായസൂചനയായി റിബണ്‍ വലിച്ച് കെട്ടിയിട്ടുണ്ട്.
റോഡിന്റെ നവീകരണപ്രവര്‍ത്തനത്തിനായി ഇരുവശങ്ങളിലും വിരിച്ച മെറ്റല്‍ ഇളകികിടക്കുന്നതും അരികില്‍ കൂട്ടിയിട്ടത് റോഡിലേക്ക് ചിതറികിടക്കുന്നതും അപകടഭീഷണി ഉയര്‍ത്തുകയാണ്. ഏതാനും ഇരുചക്രവാഹന യാത്രികരും സൈക്കിള്‍ യാത്രികരും ഇവിടെ ദിവസങ്ങള്‍ക്കിടയില്‍ അപകടത്തില്‍പ്പെട്ടു. ടാറിംഗിന് മുന്നോടിയായി മെറ്റല്‍ വിരിച്ചിട്ട് ആഴ്ചകള്‍ കഴിഞ്ഞു. എത്രയും വേഗം ലുങ്കിന്റെ തകര്‍ന്ന ഭാഗം നിര്‍മിച്ചും ടാറിംഗ് നടത്തിയും അപകടസാധ്യത ഒഴിവാക്കാന്‍ അടിയന്തര നടപടി ഉണ്ടാകണം.