ഏബിൾ. സി. അലക്സ്
കോതമംഗലം : നക്ഷത്ര ദീപങ്ങൾ മിന്നി തിളങ്ങുന്നു.നാടെങ്ങും വർണ്ണ വിളക്കുകൾ… ഡിസംബറിന്റെ ഈ മഞ്ഞു കാലത്ത് ജിംഗിൾ ബെൽസ് ന്റെ കിലുക്കത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ കോതമംഗലത്തെ ക്രിസ്തുമസ് വിപണി ഉണർന്നു. വില്‍പ്പനശാലകളിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് മുന്നോടിയായി നക്ഷത്രങ്ങളും, ക്രിസ്തുമസ് പപ്പാവേഷങ്ങളും അനുബന്ധ വസ്തുക്കളുമെല്ലാം എത്തിച്ച് വില്പനകൾ തകൃതിയായി നടക്കുന്നു .വർണ്ണ വിളക്കുകൾ കൊണ്ടും, ക്രിസ്തുമസ് ട്രീ കൾകൊണ്ടും ഷോപ്പിംഗ് മാളുകളും അണിഞ്ഞൊരുങ്ങി. വരും ദിവസങ്ങളില്‍ വില്‍പ്പന കൂടുതല്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
കഴിഞ്ഞ കുറച്ച് നാളുകളായി കോതമംഗലം ഉൾപ്പെടെയുള്ള ഹൈറേഞ്ചു വ്യാപാരമേഖല വലിയ മാന്ദ്യം നേരിടുന്നുണ്ട്. പ്രളയ പേമാരിയും, കൊവിഡും സമ്മാനിച്ച മാന്ദ്യത്തില്‍ നിന്നും ഇനിയും വ്യാപാരമേഖല മുഴുവനായി കരകയറിയിട്ടില്ല. ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളെ പ്രതീക്ഷയോടെയാണ് വ്യാപാരമേഖല ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചെറിയ രീതിയിലുള്ള വില വ്യത്യാസം വിപണിയില്‍ പ്രകടമാണ്. കേക്കുകള്‍ക്കും, നക്ഷത്രങ്ങള്‍ക്കും, ക്രിസ്തുമസ് പപ്പാവേഷങ്ങള്‍ക്കും,അലങ്കാരബള്‍ബുകള്‍ക്കും ആവശ്യക്കാർ ഏറെയാണ്.ആ പ്രതീക്ഷയിലാണ് വ്യാപാരശാലകളില്‍ സ്റ്റോക്കുകള്‍ എത്തിച്ചിട്ടുള്ളത് തന്നെ .
ക്രിസ്മസ് നക്ഷത്രങ്ങൾ, അലങ്കാര ദീപങ്ങൾ, പുൽക്കൂട് ഒരുക്കാനുള്ള സാധന സാമഗ്രികൾ എന്നിവ പൊതുവിപണിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. പുതുമയിലും വൈജാത്യം പുലർത്തുന്ന നക്ഷത്രങ്ങൾ, അലങ്കാര വർണ ദീപങ്ങൾ എന്നിവ വിപണിയേ വേറിട്ടതാക്കുന്നു.വലിയ ഇടിവാണ് ക്രിസ്തുമസ്, പുതുവത്സര ആശംസ കാർഡ് വില്പനയിലുണ്ടായിരിക്കുന്നത്. സോഷ്യൽ മീഡിയയുടെ ഉപയോഗം വർധിച്ചതോടെ ആശംസ കാർഡുകൾ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മയായി മാറി.
75 രൂപ മുതൻ 450 രൂപ വരെ വിലമതിക്കുന്ന നക്ഷത്രങ്ങളാണ് കോതമംഗലത്തെ വിപണിയിലുള്ളത് . ഡും സ്റ്റാറിന് 350 മുതൽ 400 വരെയാണ് വിപണി വില.കടലാസ് നിർമിത നക്ഷത്രങ്ങൾക്കാണ് വിലക്കുറവ്. എൽ ഇ ഡി നക്ഷത്രങ്ങൾക്കാണ് ഇപ്പോൾ പ്രിയം കൂടുതലേന്ന് വ്യാപാരികൾ പറയുന്നു.