കോതമംഗലം: താലൂക്കിലെ ഭൂതത്താൻകെട്ട് -വടാട്ടുപാറ റോഡിൽ കാട്ടാനകൂട്ടങ്ങളുടെ സാന്നിധ്യം യാത്രക്കാർക്ക് ഭീഷണിയാകുന്നു. പെരിയാറിന് കുറുകെ നിർമ്മിച്ചിട്ടുള്ള ഭൂതത്താൻകെട്ട് കഴിഞ്ഞ് വടാട്ടുപാറ റോഡിലാണ് കാട്ടാനകൂട്ടങ്ങൾ രാത്രി തമ്പടിക്കുന്നത് പതിവ് കാഴ്ചയാകുന്നത്. ഭൂതത്താൻകെട്ട് അണക്കെട്ടിന് സമീപമുള്ള ഫോസ്റ്റ് ചെക്ക്പോസ്റ്റ് കഴിഞ്ഞുള്ള ഇടമലയാർ ജലസേചന പദ്ധതിയുടെ കനാൽ കടന്ന് പോകുന്ന ഭാഗം മുതൽ എസ് വളവുവരെയുള്ള ഭാഗങ്ങളലാണ കാട്ടന കൂട്ടങ്ങൾ റോഡിൽ ഇറങ്ങി നിൽക്കുന്നത്.
ഇടമലയാർ – തുണ്ടം വനമേഖലകളിൽ നിന്നും കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള ആന കൂട്ടങ്ങളാണ് ഇവിടെക്ക് എത്തുന്നത്. കുട്ടംമ്പുഴ പഞ്ചായത്തിലെ അഞ്ച് വാർത്തകൾ ഉൾപെട്ടതാണ് കുടിയേറ്റ ആദിവാസി ഗ്രാമമായ വടാട്ടുപാറ. ഇവിടെക്കും ഇടമലയാർ ജലവൈദ്യുത പദ്ധതി പ്രദേശത്തെക്കും എത്തുന്നതിനുള്ള യാത്ര മാർഗ്ഗമാണ് ഈ റോഡ്. കാട്ടാന ശല്യം രൂക്ഷമായതോടെ സമീപ പട്ടണമായ കോതമംഗലത്ത് തൊഴിലിനും മറ്റ് ആവശ്യങ്ങൾക്കും എത്തുന്നവർ രാത്രിയായാൽ ഭീതിയോടെയാണ് ഇത് വഴി കടന്ന് പോകുന്നത്. ഈ സാഹചര്യത്തിൽ
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആനക്കൂട്ടങ്ങൾ എത്തുന്ന ഭാഗത്ത് പെൻസിഗ് സംവിധാനം ഏർപെടുത്തണമെന്ന ആവശ്യമാണ് നാട്ടുകാർക്കുള്ളത്.
