കോതമംഗലം: ഇക്കുറി നടന്ന 36 ാമത് കോതമംഗലം ഉപജില്ലാ കലോത്സവം സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. 8 വേദികളിലായി അയ്യായിര ത്തോളം കുട്ടികള്‍ അരങ്ങുതകര്‍ത്ത കൗമാര കലോത്സവം കാഴ്ചക്കാര്‍ക്കും കുട്ടികള്‍ക്കും അധ്യാപക രക്ഷാകര്‍ത്താക്കള്‍ക്കും മികച്ച കലാ വിരുന്നായി മാറി.കലാമേളയിൽ കോതമംഗലം സെന്റ് അഗസ്റ്റീൻസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഓവർ ഓൾ ചാമ്പ്യൻഷിപ് നേടി. ആന്റണി ജോണ്‍ എംഎല്‍എ, കോതമംഗലം എഇഒ കെ ബി സജീവ് എന്നിവരുടെ നേതൃത്വപരമായ നേരിട്ടുള്ള ഇടപെടലുകളാണ് കലാമേളയുടെ വിജയത്തിന് പിന്നില്‍. അതോടൊപ്പം കലാമേള നടന്ന കീരംപാറ സെന്റ് സ്റ്റീഫന്‍സ് എച്ച്എസ് സ്‌കൂള്‍ പ്രിന്‍സിപ്പലും കലാമേള ജനറല്‍ കണ്‍വീനറുമായ ജിനി കെ കുര്യാക്കോസ്,പ്രോഗ്രാം കമ്മിറ്റി കൺവീനർ എൽദോസ് സ്റ്റീഫൻ, പബ്ലിസിറ്റി കണ്‍വീനര്‍ സിജു ഏലിയാസ്, എന്നിവർ ഉൾപ്പെടെ ഉള്ള സബ് കമ്മിറ്റിയുടെ മുഴുവന്‍ സമയ സാന്നിധ്യവുമാണ് കലാമേളയുടെ മികച്ച നടത്തിപ്പിന് കാരണമായത്.
ഇതോടൊപ്പം കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ അധ്യാപകര്‍, വിവിധ അധ്യാപക സംഘടനാ ഭാരവാഹികള്‍, കീരംപാറ സ്‌കൂള്‍ മാനേജ്‌മെന്റ്,സ്റ്റാഫ്, വോളന്റിയെഴ്‌സ്, പ്രദേശവാസികള്‍ എന്നിവരുടെ സഹകരണവും മേള നല്ല നിലയില്‍ പര്യവസാനിക്കാന്‍ കാരണമായിട്ടുണ്ട്. കലാപരിപാടികള്‍ അവതരിപ്പിക്കാവുന്ന തരത്തില്‍ സൗകര്യപ്രദമായ രീതിയില്‍ ഒരുക്കിയ സ്‌റ്റേജ്, മൈക്ക് സംവിധാനങ്ങള്‍, സമയനിഷ്ഠ, സമ്മാനദാനം എന്നിവയെല്ലാം മികവുറ്റതായിരുന്നു. സാധാരണ കലാമേളകളില്‍ കല്ലുകടിയാകുന്ന വിധി നിര്‍ണയത്തിലെ തര്‍ക്കങ്ങള്‍ ഇക്കുറി ഇല്ലാതിരുന്നതും കലാമേളക്ക് തിരശ്ശീല വീണപ്പോള്‍ സംഘാടകര്‍ക്ക് അഭിമാനമായിട്ടുണ്ട്. കലാമേളക്കെത്തിയെ അധ്യാപകര്‍, കുട്ടികള്‍, രക്ഷാകര്‍ത്താക്കള്‍, കാണികള്‍, എന്‍എസ്എസ്, എസ്പിസി വാളന്റിയര്‍മാര്‍ തുടങ്ങിയവരെല്ലാം കലാമേളയിലെ നടത്തിപ്പില്‍ തൃപ്തരായാണ് മടങ്ങിയത്.



























































