കോതമംഗലം: നൂറുകണക്കിന് ആളുകള്‍ ദിവസേന വന്നുപോകുന്ന കോതമംഗലം റവന്യൂ ടവറിലെ ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കാതെ വരുന്നത് അധികൃതരുടെ അനാസ്ഥയാണെന്ന് കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷേഴ്‌സ് അസോസിയേഷന്‍ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കാത്തതോടെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന അനേകം പേര്‍ തിരികെ പോകേണ്ടിവരുന്ന അവസ്ഥയാണുള്ളത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ ഷീറ്റിന്റെ ചെറിയ ഭാഗം ആഴ്ചകളായി തകര്‍ന്നു കിടക്കുന്നു.
ഇതിലൂടെ ഉണ്ടായ ചോര്‍ച്ചയാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് പ്രവര്‍ത്തനക്ഷമമാക്കിയ പുതിയ ലിഫ്റ്റിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ അവതാളത്തിലാക്കിയിരിക്കുന്നത്. യഥാസമയം മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണി നടത്താതെ ലക്ഷങ്ങള്‍ ചെലവാക്കി സ്ഥാപിച്ച പുതിയ ലിഫ്റ്റിന് നാശം വരുത്തിയ ഉത്തരവാദപ്പെട്ടവരില്‍ നിന്നും നഷ്ടം ഈടാക്കുകയും മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് കെഎസ്എസ്പിഎ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സി.എ അലിക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സിബി ജെ. അടപ്പൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ.സി ജോസ്, കെ.എ ജോസഫ്, പി.എം. മുഹമ്മദാലി, എ.ജെ. ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
