കോതമംഗലം: എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളിൽ ട്രാൻസ്പോർട്ട് കമീഷണറുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്നുള്ള വാഹന പരിശോധനയിൽ, കുട്ടമ്പുഴ ഭാഗത്തുനിന്നും കോതമംഗലം ഭാഗത്തേക്ക് സർവീസ് നടത്തിയ KL44D0367 “ഐഷാസ് ” ബസിലെ ഡ്രൈവർക്ക് സാധുതയുള്ള ലൈസൻസ് ഇല്ല എന്ന് മനസ്സിലാക്കിയതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് വാഹനം പിടിച്ചെടുക്കുകയും, 15,000 രൂപ പിഴ ചുമത്തിയശേഷം, സാധുതയുള്ള ലൈസൻസുള്ള മറ്റൊരു ഡ്രൈവറെ വച്ച് ട്രിപ്പ് മുടക്കാതെ തന്നെ വാഹനം വിട്ടു നൽകി .
വാഹന ഉടമ സർവീസ് മുടങ്ങാതിരിക്കാൻ പകരം ഡ്രൈവറുമായി ഹാജരായതിനെ തുടർന്നാണ് വാഹനം വിട്ടുനൽകാനായത്.
പരിശോധനയിൽ ബസ് ഓടിച്ചിരുന്ന ഡ്രൈവറുടെ ലൈസൻസ്, രണ്ടു മാസം മുമ്പ് കുട്ടമ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ താലിപ്പാറയിൽ വച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു ഒരു സ്ത്രീ മരിക്കാനിടയായ സംഭവത്തിൽ, ഡ്രൈവറായിരുന്ന അജിത്തിൻ്റെ വിശദീകരണം കേട്ടശേഷം മറുപടി തൃപ്തികരമല്ലാത്തതിനാൽ 03.07.2024 മുതൽ ആറുമാസക്കാലം ഹെവി വാഹനങ്ങൾ ഓടിക്കുന്നത് വിലക്കി കോതമംഗലം ജോയിൻറ് ആർടിഒ സസ്പെൻഡ് ചെയ്തിരുന്നു.
എന്നാൽ പ്രസ്തുത ഉത്തരവിനെതിരെ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ മുൻപാകെ അപ്പീൽ നൽകാൻ പോലും ശ്രമിക്കാതെ യാണ്, ഡ്രൈവർ അജിത്. ടി എസ്. , റദ്ദാക്കൽ കാലയളവിൽ വാഹനം ഓടിച്ച്, ലൈസൻസ് സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥൻ്റെ മുന്നിൽ തന്നെ പിടിക്കപ്പെട്ടത് .
ലൈസൻസ് താത്കാലികമായി റദ്ദ് ചെയ്ത കാലയളവിൽ വാഹനം ഓടിച്ച് വീണ്ടും അപകടത്തിൽ പെട്ടാൽ പരിക്കേറ്റവർക്ക് ഇൻഷുറൻസ് കമ്പനിയിൽ നിന്നും ഒരു തരത്തിലും നഷ്ടപരിഹാരം കിട്ടില്ല എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വരും ദിവസങ്ങളിലും സർവ്വീസ് ബസുകളിൽ ശക്തമായ പരിശോധന ഉണ്ടാകുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ കോതമംഗലം ജോയിൻ്റ് ആർടിഒ ശ്രീ സലിം വിജയകുമാർ അറിയിച്ചു.
വാഹനപരിശോധനയി ൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ബെന്നി വർഗീസ് റെജിമോൻ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സുനിൽ കുമാർ എൽദോസ് എന്നിവർ പങ്കെടുത്തു.