കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് പിണ്ടിമന ആലുംചുവടിന് സമീപത്ത് പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റിനായി വാങ്ങിയ സ്ഥലം നിർദ്ധനക്ക് ഫ്ലാറ്റ് സമുച്ചയം നിർമ്മാണത്തിന് ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും വർഷങ്ങൾ പിന്നിടുമ്പോഴും കാട് കയറി നശിക്കുന്നു.
പിണ്ടിമന പഞ്ചായത്തിലെ ആലുംചുവടിന് സമീപത്താണ് കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന് വാങ്ങിയ ഒരേക്കര്‍ സ്ഥലം ഉള്ളത്.പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിനായി അഞ്ച് വര്‍ഷം മുമ്പ് വിലക്കുവാങ്ങിയതാണ് ഈ സ്ഥലം.എന്നാല്‍ പ്രദേശവാസികളുടെ എതിര്‍പ്പുമൂലം പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റ് സ്ഥാപിക്കാന്‍ കഴിഞ്ഞില്ല.പിന്നീട് ലൈഫ് മിഷന്‍ ഭവന പദ്ധതിപ്രകാരം ഭവനരഹിതര്‍ക്കായി ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും നടപടികളൊന്നും ഉണ്ടായില്ല.
ഇപ്പോള്‍ കാടുമൂടി ആരും തിരിഞ്ഞുനോക്കാതെ കിടക്കുകയാണ് സ്ഥലം.ബ്ലോക്ക് പഞ്ചായത്തിന്റെ ലക്ഷക്കണക്കിന് രൂപയാണ് ഇവിടെ പാഴായികിടക്കുന്നത്.സ്ഥലം വാങ്ങല്‍ നടപടികള്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു.വഴിസൗകര്യംപോലും ഇല്ലാത്ത സ്ഥലം ഉയര്‍ന്ന തുകക്ക് വാങ്ങിതില്‍ അഴിമതിയുണ്ടെന്ന് ആരോപണമുണ്ടായി.റവന്യുവകുപ്പും സ്ഥലംവാങ്ങുന്നതിന് അനുകൂലമായിരുന്നില്ല.അന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരിച്ചിരുന്ന എല്‍ഡിഎഫിനുള്ളിലും വിഷയം ഭിന്നതക്ക് കാരണമായെങ്കിലും പിന്നീട് ഒത്തുതീര്‍പ്പുണ്ടാക്കി.വിവാദം കെട്ടടങ്ങുകയും ബ്ലോക്ക് പഞ്ചായത്തില്‍ ഭരണമാറ്റം ഉണ്ടാകുകയും ചെയ്തതോടെ ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ സ്ഥലത്തേക്കുറിച്ചുള്ള ഓര്‍മ്മപോലും അധികൃതര്‍ക്ക് ഇല്ലാതായി.