കോതമംഗലം: തിരക്കേറിയ ഈ പ്രധാന റോഡ് തകർന്നു കിടന്നിട്ട് വർഷങ്ങളായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. ഇരുമലപ്പടിയിൽ നിന്ന് പുതുപ്പാടിയിലേക്ക് പോകുന്ന PWD റോഡിൽ ഇരുമലപ്പടി കാളമാർക്കറ്റ് സ്ഥിതി ചെയ്തിരുന്ന ഭാഗത്തുള്ള വർഷങ്ങൾ പഴക്കമുള്ള കലുങ്ക് അപകടാവസ്ഥയിൽ ആയിട്ട് വർഷങ്ങളായി. കോടികൾ ചെലവഴിച്ച് നവീകരിച്ച റോഡിൽ ഇത്രയും പഴക്കം ചെന്ന അപകടം വിളിച്ചു വരുത്തുന്ന കലുങ്കിനെക്കുറിച്ച് നാട്ടുകാർ പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ദിവസവും വലിയ ടോറസ് ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന റോഡാണിത്.
കലുങ്കിൻ്റെ കരിങ്കല്ല് കെട്ടും, കോൺക്രീറ്റും തകർന്ന് റോഡിൻ്റെ ടാറിംഗ് ഭാഗം താഴ്ന്ന് വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്. ഇവിടെ ടൂവീലർ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ചയാണ്.വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ചയാണെന്ന് സമീപത്ത് കച്ചവടം നടത്തുന്ന ഷാജഹാൻ പറഞ്ഞു. അപകടാവസ്ഥയിലുള്ള കലുങ്ക് ഉടൻ പുനർനിർമ്മിച്ച് സഞ്ചാരം സുഗമമാക്കാൻ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് യൂത്ത് കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡൻ്റ് അജീബ് ഇരമല്ലൂർ പറഞ്ഞു.