കോതമംഗലം :നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ മുന്നോട്ടുപോകുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് മുഖ്യമന്ത്രി സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും തുടർ നടപടികൾ വേഗത്തിലാക്കി ഫയർ സ്റ്റേഷൻ ഉടൻ പ്രവർത്തനമാരംഭിക്കണമെന്നും എംഎൽഎ ചോദ്യത്തിന്റെ ഭാഗമായി സഭയിൽ ഉന്നയിച്ചു.
കോതമംഗലം മണ്ഡലത്തിലെ നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിന് 18.02.2021-ലെ സർക്കാർ ഉത്തരവ് (എം.എസ്) നം.51/2021/ ആഭ്യന്തരം പ്രകാരം തത്വത്തിൽ അനുമതി നൽകി ഉത്തരവായിട്ടുണ്ട്. ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിന് സ്വന്തമായി സ്ഥലം അന്വേഷിച്ചെങ്കിലും ലഭ്യമായിട്ടില്ല. കവളങ്ങാട് പഞ്ചായത്ത് വിട്ട് നല്കിയ സാംസ്കാരിക കെട്ടിടത്തിൽ സ്റ്റേഷൻ പ്രവർത്തനത്തിന് ആവശ്യമായ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. വാഹനങ്ങൾ ഉൾപ്പെടെയുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങൾ നിലവിലുള്ള വിഭവങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. നേര്യമംഗലം ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിന് ആവശ്യമായ മിനിമം തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള പ്രൊപ്പോസൽ പരിശോധനയിലാണെന്നും മുഖ്യമന്ത്രി എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി നിയമസഭയിൽ അറിയിച്ചു





















































