കോതമംഗലം : കോട്ടപ്പടി കൽക്കുന്നേൽ മാർഗീവർഗീസ് സഹദാ യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന മാർ ഏലിയാസ് സൺഡേ സ്കൂൾ 100-ാംവാർഷീകത്തോടനുബന്ധിച്ച് ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും പൂർവ വിദ്യാർത്ഥി സംഗമവും നടന്നു. ആലുവ തൃക്കുന്നത് സെമിനാരിക്കു മുന്നിൽ നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണവും പതാക ഘോഷയാത്രയും വാഹന റാലിയുടെയും വാദ്യമേളങ്ങളുടേയും അകമ്പടിയിൽ പള്ളിയിൽ എത്തിച്ചേർന്നപ്പോൾ ഇടവകജനങ്ങളും സൺഡേസ്കൂൾ വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു. പൊതുസമ്മേളനത്തിൽ ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കുരിയാക്കോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടന കർമം നിർവ്വഹിച്ചു.
ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസ് ജൂബിലി സ്മരണിക പ്രകാശനം ചെയ്തു. കോതമംഗലം എംഎൽഎ ആൻറണി ജോൺ ഡയാലിസിസ് ഫണ്ട് സംഭാവന നൽകി. നിർദ്ധന അധ്യാപക പെൻഷൻ പദ്ധതി സഭ സെക്രട്ടറി ജേക്കബ് സി മാത്യു ഉദ്ഘാടനം ചെയ്തു. കോട്ടപ്പടി പഞ്ചായത്ത് പ്രസിഡണ്ട് മിനി ഗോപി സ്മരണ വ്യക്ഷത്തൈ നടുകയും ജൂബിലി ക്യാൻസർ കെയർ ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുകയും ചെയ്തു.വികാരി ഫാദർ ജോസ് പരത്തുവയലിൽ,സഹവികാരി ഫാദർ ബെൻ സ്റ്റീഫൻ മാത്യു എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾക്കു ശേഷം ഗാനസന്ധ്യയോടെ പോഗ്രാം അവസാനിച്ചു.
