മൂവാറ്റുപുഴ: പഴയ ആലുവ മൂന്നാർ രാജപാത ഉപയോഗപ്രദമാക്കണമെന്ന് ആവശ്യവുമായി നടന്ന ജനകീയ പ്രതിഷേധത്തിൽ പങ്കെടുത്ത ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ പിതാവ് ഉൾപ്പെടെയുള്ള ആളുകൾക്കെതിരെയും വനം വകുപ്പ് എടുത്ത മുഴുവൻ നിയമ നടപടികളും പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. ഇന്ന് ജോസ് കെ മാണി ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ പിതാവിനെ മൂവാറ്റുപുഴയിൽ സന്ദർശിച്ചു. നൂറ്റാണ്ടുകൾക്ക് മുമ്പ് റോഡ് പണിത് പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയായി മാറിയ പൂയംകുട്ടി മുതൽ മൂന്നാർ വരെയുള്ള പൊതുമരാമത്ത് വകുപ്പ് സ്ഥലത്ത് അനാവശ്യമായി വനം ആക്കാൻ ശ്രമിക്കുന്നതാണ് ജനകീയ പ്രതിഷേധത്തിലേക്ക് നയിച്ചത്.
ഈ റോഡ് തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാണ്.വനാതിർത്തിയോട് ചേർന്നുള്ള കൃഷിഭൂമിയടക്കമുള്ള വനേതരഭൂമി സംസ്ഥാനത്തിന്റെ പല മേഖലകളിലും വനഭൂമിയാക്കി മാറ്റിയെടുത്തിട്ടുണ്ട്.പൊതുമരാമത്ത് വകുപ്പ് റോഡിൽ വനം വകുപ്പിന് എന്ത് അധികാരമാണുള്ളതെന്ന് മനസ്സിലാകുന്നില്ല.വനസംരക്ഷണത്തിന്റെയും വന്യജീവി സംരക്ഷണത്തിന്റെയും പേരിൽ ഇല്ലാത്ത അധികാരങ്ങൾ പലസ്ഥലങ്ങളിലും വനപാലകർ പ്രയോഗിക്കുന്നതായി നിരവധി പരാതികളാണ് ഉയർന്നിട്ടുള്ളത്.ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അഭിവന്ദ്യ ബിഷപ്പിനെ പ്രതിയാക്കി കേസെടുത്ത സംഭവം എന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി. ഫാ. റോബിൻ പടിഞ്ഞാറെകൂറ്റ്, അഡ്വ റോണി മാത്യു, ജോയ് നടുകുടി, അഡ്വ ജോസ് വർഗീസ്, അഡ്വ ഷൈൻ ജേക്കബ്, സിജോ ജോൺ എന്നിവർ ഒപ്പമുണ്ടായിരുന്നു.
