കുട്ടമ്പുഴ : തട്ടേക്കാട് പക്ഷിസങ്കേതം 28.444 ച.കി.മീ. പരിസ്ഥിതി ലോലം: അംഗീകരിക്കില്ലെന്ന് ജന സംരക്ഷണസമിതി വെളിപ്പെടുത്തി. തട്ടേക്കാട് പക്ഷി സങ്കേതത്തിനുന് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. കുട്ടമ്പുഴ – കീരമ്പാറ പഞ്ചായത്തുകളിയായി 28.444 ചതുരശ്ര കിലോമീറ്റർ ഇതോടെ പരിസ്ഥിതി ലോല മേഖലയായി മാറും. പുറമേ കാണുമ്പോൾ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്ന തുകൊണ്ട് വലിയ ബുദ്ധിമുട്ടൊന്നും തോന്നുകയില്ല എങ്കിലും ഒട്ടേറെ നിയന്ത്രണങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി കടന്നു വരുവാൻ ഇത് കാരണമാകും.
വനംവകുപ്പിന്റെ ആധിപത്യത്തിലുള്ള ഒരു ജീവിതമായി ഇവിടെയുള്ള ആളുകളുടെ ജീവിതം മാറും. ഇതിനകംതന്നെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കപ്പെട്ട കഴിഞ്ഞ നീലഗിരി പ്രദേശത്തെ ആളുകൾ പറയുന്നത് അവിടെ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് എന്നാണ്. കടുത്ത നിയന്ത്രണങ്ങൾ വരുമ്പോൾ ആളുകൾ സ്വയം കുടി ഇറങ്ങിപ്പോകുന്ന അവസ്ഥയുണ്ടാകും. പല വികസന വിഷയങ്ങളിലും ഏറെ പിന്നോക്കം നിൽക്കുന്ന കുട്ടമ്പുഴ മേഖലയ്ക്ക് ഒരു ഇരട്ടി കൂടിയാകും ഈ പ്രഖ്യാപനം.ഗാഡ്ഗിൽ കസ്തൂരി രംഗൻ റിപ്പോർട്ട്ന്റെ അജണ്ടകൾ മറ്റൊരു രൂപത്തിൽ നടപ്പിലാക്കുകയാണ് ബഫർസോൺ ലൂടെ എന്ന് ആരോപണമുണ്ട്.
കേരളത്തിലെ മറ്റ് പ്രദേശങ്ങൾ ബഫർ സോൺ ആയി പ്രഖ്യാപിക്കാനുള്ള ശ്രമങ്ങൾ നിയമം വഴി തടയാൻ കർഷക സംഘടനകൾക്ക് കഴിഞ്ഞിട്ടുണ്ട്. കുട്ടമ്പുഴ മേഖലയിലെ ശ്രദ്ധേയ ജനമുന്നേറ്റം ആയ ജന സംരക്ഷണ സമിതി ഒരുതരത്തിലും പുതിയ ബഫർസോൺ നിയന്ത്രണങ്ങൾ അംഗീകരിക്കില്ല എന്ന നിലപാടിലാണ്. നിയമപരമായും സാമൂഹ്യപരമായും ഇതിനെ എതിർക്കുമെന്ന് ജനസംരക്ഷണ സമിതി ചെയർമാൻ ഫാ. കുര്യാക്കോസ് കണ്ണമ്പിള്ളി, ജിമ്മി അരീപ്പറമ്പിൽ,ബിജുമോൻ മറ്റത്തിൽ എന്നിവർ അറിയിച്ചു.