കോതമംഗലം:കോഴിപ്പിള്ളി പരത്തറ കണ്ടം ചെക്ക് ഡാമിന് സമീപം മുങ്ങിമരണങ്ങൾ ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ പ്രദേശത്ത് ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ശുപാർശ ചെയ്തുകൊണ്ട് കളക്ടർക്ക് അടിയന്തര റിപ്പോർട്ട് നൽകണമെന്ന് യോഗം തഹസില്‍ദാരോട് നിര്‍ദ്ദേശിച്ചു. കോതമംഗലം നഗരസഭയിലെയും കീരമ്പാറ ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടെയുള്ള വിവിധ പഞ്ചായത്തുകളിലെയും കുടിവെള്ള വിതരണ പൈപ്പുകള്‍ പൊട്ടി ജലവിതരണം തടസ്സപ്പെടുന്ന നിലയിലാണുള്ളത്, അടിയന്തിരമായി അറ്റകുറ്റ പണികള്‍ തീര്‍ത്ത് ജല വിതരണം പുനസ്ഥാപിക്കേണ്ടതാണെന്ന് താലൂക്ക് വികസന സമിതി കേരള വാട്ടര്‍ അതോറിറ്റിയോടും പി ഡബ്ല്യൂ ഡി യോടും യോഗത്തിൽ നിര്‍ദ്ദേശിച്ചു.
കോതമംഗലം താലൂക്കിലെ വനമേഖലയോട് ചേര്‍ന്നുവരുന്ന പ്രദേശങ്ങളിലെ വന്യമൃഗ ശല്യം തടയുന്നതിനായി നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള ഫെൻസിങ്,ഹാങ്ങിങ് ഫെന്‍സിംഗ്, ട്രഞ്ചിങ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
കോതമംഗലം ബൈപ്പാസ് റോഡ്, തങ്കളം- കാക്കനാട് റോഡ് എന്നിവയുടെ വിവിധ ഭാഗങ്ങളില്‍ നൈറ്റ് പെട്രോളിങ് ശക്തമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് യോഗം എക്സൈസ് അധികൃതരോട് നിര്‍ദ്ദേശിച്ചു.
നോ പാര്‍ക്കിംഗ് സൈന്‍ ബോര്‍ഡുകള്‍ നഗരത്തിന്റെ കൂടുതല്‍ ഭാഗങ്ങളില്‍ സ്ഥാപിക്കുന്നതിന് താലൂക്ക് വികസന സമിതി യോഗം പിഡബ്ല്യുഡിക്ക് നിര്‍ദ്ദേശം നല്‍കി.അമിത വേഗത മൂലം ഉണ്ടാകുന്ന വാഹന അപകടങ്ങൾ കോതമംഗലത്ത് കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രധാന വഴികൾ എന്നപോലെ തന്നെ ദേശീയപാത പൊതുമരാമത്ത് റോഡുകൾ എന്നതുപോലെ തന്നെ ഗ്രാമീണ റോഡുകളിലും പോലീസിന്റെയും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ കൃത്യമായ നിരീക്ഷണം ഉണ്ടാകണമെന്ന് യോഗം നിർദേശിച്ചു.വാഹന പരിശോധനയില്‍ ഉടമകളുടെ ഇന്‍ഷുറന്‍സ്, ലൈസന്‍സ് എന്നിവ കാലഹരണപ്പെട്ടതാണോ എന്ന് പരിശോധിക്കുന്നതിനും ടൗണിലെ ബൈപ്പാസ് റോഡ് ഉള്‍പ്പെടെയുള്ള വിവിധ റോഡുകളിലെ അനധികൃത പാര്‍ക്കിംഗ് നിയന്ത്രിക്കുന്നതിനും അമിത വേഗതക്കെതിരെ നടപടി സ്വീകരിക്കുന്നതിനും എം വി ഡി ,പോലീസ് എന്നിവരോട് താലൂക്ക് വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു.
താലൂക്കിലെ പട്ടയ അപേക്ഷകളിന്മേല്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് താലൂക്ക് വികസന സമിതി യോഗം തഹസില്‍ദാര്‍, സ്പെഷ്യല്‍ തഹസില്‍ദാര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കോതമംഗലം താലൂക്ക് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടം സംബന്ധിച്ച പ്രശ്നങ്ങള്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തു.യോഗത്തിൽ ആന്റണി ജോണ്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
മുനിസിപ്പല്‍ ചെയര്‍മാന്‍ ടോമി എബ്രാഹം, തഹസില്‍ദാര്‍ അനില്‍കുമാര്‍ എം, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഗോപി എം.പി, മുനിസിപ്പല്‍ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍, കെ എ നൗഷാദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി റ്റി.ബെന്നി, ബേബി പൗലോസ്, അഡ്വ.പോള്‍ മുണ്ടയ്ക്കല്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.
