Connect with us

Hi, what are you looking for?

NEWS

മൺമറഞ്ഞ കോതമംഗലത്തിൻ്റെ ജനകീയനേതാവ് ടി.എം.മീതിയൻ്റെ ജീവചരിത്രരചനക്കായി മാധ്യമപ്രവർത്തകനായ സലാംകാവാട്ട് ഒരുങ്ങുന്നു.

കോതമംഗലം : അരനൂറ്റാണ്ടിലേറെക്കാലം കോതമംഗലത്തുകാർ ആദരവോടെയും ആരാധനയോടെയും നോക്കിക്കണ്ടജനനേതാവ്. സങ്കീർണ്ണമായ നാട്ടുപ്രശ്നങ്ങളിലെ മദ്ധ്യസ്ഥചർച്ചകളിൽ അസാധാരണമായ ഇടപെടലുകളിലൂടെ വിഷയപരിഹാരമുണ്ടാക്കുന്ന നയതന്ത്രജ്ഞൻ. കോതമംഗലം മേഖലയിൽ സി.പി.ഐ.(എം) എന്ന പാർട്ടിയെ പടുത്തുയർത്തിയ വിദഗ്ദനായ പൊളിറ്റിക്കൽ എഞ്ചിനിയർ. എല്ലാവരുടെയും സ്നേഹ ബഹുമാനങ്ങൾ ഏറ്റുവാങ്ങിയ പൊതുസമ്മതൻ. മാതൃകായോഗ്യനായ ജനസേവകൻ. ഇരുപത് വർഷങ്ങൾക്ക് മുൻപ് മൺമറഞ്ഞ ടി.എം.മീതിയൻ എന്ന കോതമംഗലത്തിൻ്റെ ആദ്യത്തെ കമ്യൂണിസ്റ്റ് എം.എൽ.എ. ഇനിയുംഒരുപാട് വിശേഷണങ്ങൾക്ക് അർഹനാണ്.

കോതമംഗത്തിൻ്റെ എക്കാലത്തേയും സമുന്നതനായ ജനനേതാവായിരുന്നു നാട്ടുകാർ ‘കുഞ്ഞുമ്മി ‘എന്ന ഓമനപ്പേരിട്ട് വിളിച്ച് ഹൃദയത്തോട് ചേർത്തു പിടിച്ചിരുന്ന സഖാവ്മീതിയൻ. അതിനാലായിരുന്നു 1967ലെ കലുഷിതമായിരുന്ന രാഷ്ട്രീയ അന്തരീക്ഷത്തിലും വലതുപക്ഷ സ്വാധീനത്തിലായിരുന്ന കോതമംഗലം അസംബ്ലി മണ്ഢലത്തെ ആൻ്റണി ജോണിന് മുമ്പ് ചരിത്രത്തിൽആദ്യമായി അട്ടിമറി വിജയത്തിലൂടെ ചുവപ്പണിയിക്കാൻ മീതിയൻ എന്ന ജനകീയ നേതാവിന് കഴിഞ്ഞത്. ജാതി മത വ്യത്യാസങ്ങളില്ലാതെയും കക്ഷിരാഷ്ട്രീയത്തിന് അതീതമായും ജനങ്ങളെ ചേർത്തുനിർത്താനും നാടിൻ്റെവികസനത്തിൽ ശ്രദ്ധയമായ സംഭാവനകളർപ്പിക്കാനും കഴിഞ്ഞ പൊതു പ്രവർത്തകനായിരുന്നു കോതമംഗലത്തിൻ്റെ
ഈ മുൻ എം.എൽ.എ. വർഷങ്ങളോളം നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായും ജില്ലാ പഞ്ചായത്ത് രൂപപ്പെടുന്നതിന് മുമ്പുള്ള ഹൃസ്വകാല സംവിധാനമായിരുന്ന എറണാകുളം ജില്ലാ കൗൺസിലിലെ മെംബറായും സംഘടനാ തലത്തിൽ സി.പി.ഐ.(എം) താലൂക്ക് കമ്മറ്റിസെക്രട്ടറി, ജില്ലാ കമ്മറ്റിയംഗം, കർഷക സംഘം നേതാവ്, സി.ഐ.റ്റി.യു.വിന്കീഴിലുള്ള വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹി എന്നനിലയിലും സഖാവ് മീതിയൻ വ്യക്തിമുദ്ര പതിപ്പിച്ചു.

എറണാകുളം ജില്ലയിലെ പ്രമുഖരായിരുന്ന അന്തരിച്ച ഏ.പി. വർക്കി, പി.പി.എസ്തോസ്, ഏ.പി.കുര്യൻ, മേതല പി.എൻ.കൃഷ്ണൻ നായർ എന്നീ കമ്യുണിസ്റ്റ് നേതാക്കളുടെ സമകാലികനായിരുന്നു. നെല്ലിക്കുഴി പഞ്ചായത്തിലെ കുറ്റിലഞ്ഞി പ്രദേശത്തെ ജന്മി നാടുവാഴി കുടുംബമായിരുന്ന ചിരപുരാതനമായ തോട്ടത്തിക്കുളം കുടുംബത്തിൽ പിറന്ന മീതിയൻ വർഗ്ഗസമരത്തിൻ്റെ ചെങ്കൊടിയുമേന്തി പട്ടിണിപ്പാവങ്ങളെയും കർഷകതൊഴിലാളികളെയും സംഘടിപ്പിച്ചുകൊണ്ട് വഴിമാറി സഞ്ചരിച്ച് നടത്തിയ പോരാട്ടങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടുകയായിരുന്നു. പതിതിറ്റാണ്ടുകൾക്ക്മുമ്പ് മുവ്വാറ്റുപുഴയിൽ നടന്ന ചരിത്രപ്രസിദ്ധമായ ട്രാൻസ്പോർട്ട് സമരത്തിൽ ക്രൂരമായ പോലീസ് ലാത്തിച്ചാർജിനും കിരാതമായ അടിയന്തിരാവസ്ഥയിലെ പീഡനങ്ങൾക്കും വിധേയമായ ത്യാഗപൂർണ്ണമായ ജീവിതമായിരുന്നു
ഏഴ്പതിറ്റാണ്ടിലേറെ നീണ്ട സംഭവബഹുലമായിരുന്ന മീതിയൻ്റെ അനുഭവ കാലം. അസുഖബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരിക്കെ 2001 മാർച്ച് 18നായിരുന്നു വിടപറഞ്ഞത്.

ഏതർത്ഥത്തിലും മാതൃകായോഗ്യനായിരുന്ന കോതമംഗലംകാരുടെ പ്രിയ നേതാവിൻ്റെ സമഗ്രമായ ജീവചരിത്രം പുസ്തരൂപത്തിലും മാധ്യമ പ്രവർത്തകൻ എന്ന നിലയിലുള്ള അനുഭവ പിൻബലമുപയോഗിച്ച് ഒരു ഡിജിറ്റൽ ഡോക്യുമെൻ്ററിയായുമാണ് തയ്യാറാക്കുന്നതെന്ന് സലാം കാവാട്ട് പറഞ്ഞു. വർഷങ്ങളോളം ടി.എം.മീതിയൻ നയിച്ച പാർട്ടിയുടെ കോതമംഗലത്തെ അമരക്കാരനായ ഏരിയാ സെക്രട്ടറി സഖാവ് ആർ.അനിൽകുമാറുമായി ജീവചരിത്ര ഗ്രന്ഥത്തിൻ്റെ പ്രസിദ്ധീകരണത്തിന് സഹായമഭ്യർത്ഥിച്ചിട്ടുണ്ടെന്നും സലാം കാവാട്ട് വ്യക്തമാക്കി. ടി.എം.മീതിയൻ്റെ മകനും കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ ടി.എം.അബ്ദുൾ അസീസ് അടക്കമുള്ള കുടുംബാംഗങ്ങളോട് സംസാരിച്ച് പിന്തുണ തേടിയിട്ടുമുണ്ട്.

സി.പി.ഐ.(എം) നെല്ലിക്കുഴി സൗത്ത്, നെല്ലിക്കുഴി നോർത്ത്, തൃക്കാരിയൂർ ലോക്കൽ കമ്മറ്റികളുടെ സഹകരണം കൂടി തേടിക്കൊണ്ടുള്ള ജീവചരിത്ര പ്രസിദ്ധീകരണമാണ് ഉദ്ദേശിക്കുന്നത്. ടി.എം.മീതിയൻ ഉയർത്തിപ്പിടിച്ച ആശയ പ്രത്യയശാസ്ത്ര വഴിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന എല്ലാവരുടെയും പിന്തുണയോടെ ഒരു വർഷത്തിനുള്ളിൽ തയ്യാറാക്കുന്ന പുസ്തകവും ഡോക്യുമെൻ്ററിയും 2022 മാർച്ച് 18 ൻ്റെ ടി.എം. മീതിയൻ ഓർമ്മദിനത്തിൽ പ്രകാശനം നിർവ്വഹിക്കാനാണ് ലക്ഷ്യമിടുന്നത്. ചരിത്ര വിദ്യാർത്ഥിയായ ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ കുറച്ചു വർഷങ്ങളായി
മനസ്സിൽ സൂക്ഷിക്കുന്ന സ്വപ്ന ദൗത്യമാണ് സഖാവ് ടി.എം.ൻ്റെ ജീവചരിത്രരചനയെന്നും എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയുണ്ടായാലേ ഉദാത്തമായ ഈ സ്വപ്നം സഫലമാക്കാൻ സാധിക്കുകയുള്ളുവെന്നും സലാം കവാട്ട് പറഞ്ഞു.

You May Also Like

error: Content is protected !!