കോതമംഗലം : നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് യൂണിറ്റ് സഹപാഠിക്കായി നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ – എ പി ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല എൻ എസ് എസ് സെല്ലുമായി സഹകരിച്ചു നടത്തുന്ന ഭവന നിർമ്മാണ പദ്ധതിയായ “സ്വപ്നക്കൂട്” ന്റെ ഭാഗമായിട്ടാണ് കോളേജിലെ വിദ്യാർത്ഥിക്ക് വീട് നിർമ്മിച്ചത്. വീടിന്റെ താക്കോൽ ദാനം ആന്റണി ജോൺ എം എൽ എ യും കെ- ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ പ്രൊജക്റ്റ് കോഓർഡിനേറ്റർ ഡോ സൂസമ്മ എ പി യും നിർവഹിച്ചു. 7 ലക്ഷം രൂപ ചിലവിൽ 450 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടാണ് പണിതു കൈമാറിയത്. 2 മുറി, ഹാൾ, അടുക്കള, ശുചിമുറി, സിറ്റൗട്ട് എന്നീ സൗകര്യങ്ങളോട് കൂടിയ വീട് 7 മാസം കൊണ്ടാണ് പൂർത്തിയാക്കിയത്.
സ്വപ്നക്കൂട് പദ്ധതി പ്രകാരം എംബിറ്റ്‌സ് കോളജിലെ എൻ.എസ്.എസ് യൂണിറ്റ് രണ്ട് വീടുകളാണ് നിർമ്മിക്കുന്നത്. രണ്ടാമത്തെ വീടിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.
താക്കോൽ ദാന ചടങ്ങിൽ കോളേജ് ചെയർമാൻ പി ഐ ബേബി പാറേക്കര അധ്യക്ഷത വഹിച്ചു. കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, കോളേജ് സെക്രട്ടറി ലാൽ വർഗീസ് അപ്പക്കൽ, പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. ജോണി ജോസഫ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ . ബേസിൽ ജി പോൾ, വോളന്റീയർ സെക്രട്ടറി ഷെഫിൻ ബി ചെറിയാൻ എന്നിവർ സംസാരിച്ചു. കോളേജ് ഡയറക്ടർ ഡോ. ഷാജൻ കുര്യാക്കോസ് സ്വാഗതവും, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. ഷിജു രാമചന്ദ്രൻ നന്ദിയും പറഞ്ഞു. സാങ്കേതിക ശാസ്ത്ര സർവകലാശാല എൻ എസ് എസ് സെല്ലിനു കീഴിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളുടെ നേതൃത്വത്തിൽ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ധനസഹായത്തോടെ 100 വീടുകളാണ് സംസ്ഥാനത്തൊട്ടാകെ ഈ പദ്ധതി പ്രകാരം പൂർത്തിയാക്കുന്നത്.