കോതമംഗലം: കേരള സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ നെല്ലിമറ്റം കാര്‍ക്കും കോതമംഗലത്തിനും അഭിമാന നേട്ടം. മികച്ച കഥാകൃത്തായി നെല്ലിമറ്റം സ്വദേശി കെ.എം.കമല്‍. പട ചിത്രത്തിന്റെ കഥയ്ക്കാണ് കമലിന് അവാര്‍ഡ് ലഭിച്ചത്.സിനിമയുടെ സംവിധായകന്‍ കൂടിയാണ് കമല്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് പാലക്കാട് ജില്ലാ കളക്ടറെ അയ്യങ്കാളിപ്പട ബന്ദിയാക്കിയ സംഭവമാണ് സിനിമയുടെ ഇതിവൃത്തം. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രന്‍സ്, വിനായകന്‍, ജഗദീഷ്, ജോജു ജോര്‍ജ്, സൈജു കുറുപ്പ് തുടങ്ങിയ പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ നിരവധി സീനുകള്‍ ചിത്രീകരിച്ചതും കോതമംഗലത്തു തന്നെയായിരുന്നു. ഇപ്പോള്‍ നെല്ലിക്കുഴി താമസമാക്കിയിട്ടുള്ള കെ എം കമലിന്റെ ജന്‍മനാടാണ് നെല്ലിമറ്റം. തൊണ്ണൂറുകളുടെ ആരംഭത്തില്‍ കോതമംഗലം എം എ കോളേജില്‍ സിനിമ സ്വപ്നം കണ്ടു നടന്നിരുന്ന മൂന്നു കൂട്ടുകാര്‍ ഉണ്ടായിരുന്നു. നെല്ലിമറ്റം സ്വദേശി കമലും മാതിരപ്പിള്ളി സ്വദേശി അജിത്തും മൂവാറ്റുപുഴ സ്വദേശി മധു നീലകണ്ഠനും ആയിരുന്നു അവര്‍. അന്നേ ശക്തമായി ഉണ്ടായിരുന്ന ഇച്ഛാ ശക്തി മൂവരെയും സിനിമയുടെ ലോകത്തു തന്നെ എത്തിച്ചു. ആ മൂവര്‍ സംഘത്തില്‍ പെട്ട കമലിനാണ് ഇന്ന് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. ഈട എന്ന ഹിറ്റ് സിനിമ സംവിധാനം ചെയ്തത് അജിത് കുമാര്‍ ആയിരുന്നു. മധു ആകട്ടെ ഇന്ന് മലയാള സിനിമയില്‍ സജീവമായ ക്യാമറമാന്‍ ആണ്.ചുരുളി ഉള്‍പ്പെടെ ഉള്ള സിനിമകളുടെ ക്യാമറ ചലിപ്പിച്ചത് മധുവാണ്.മൂവരെയും നിരവധി അവാര്‍ഡുകള്‍ തേടിയെത്തിയിട്ടുണ്ട്.