കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാൾ വിജയപ്രദമാക്കാൻ വിവിധ സർക്കാർ വകുപ്പുകൾ കൈകോർക്കും. കോതമംഗലം: മഹാപരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതിചെയ്യുന്ന ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിൽ 339-ാം മത് കോതമംഗലം തീർത്ഥാടനത്തിൻ്റെ വിജയത്തിന് വേണ്ടി സംസ്ഥാന സർക്കാരിൻ്റെ 10 പത്ത് വകുപ്പുകളുടെ സംയുക്ത കമ്മിറ്റിക്ക് രൂപം നൽകി. കന്നി 20 പെരുന്നാളിൻ്റെ പ്രധാന ദിവസങ്ങൾ ആയ ഒക്ടോബർ 2, 3 തീയതികളിൽ സംസ്ഥാന സർക്കാർ കോതമംഗലം പട്ടണത്തെ ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗത കുരുക്കുകൾ പരിഹരിക്കൽ, നാഷണൽ ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തടസ്സങ്ങൾ നീക്കുവാനും ക്രമീകരണങ്ങൾ, വൈദ്യതി വിതരണ ക്രമീകരണങ്ങൾ, എന്നിങ്ങനെയുള്ള അടിയന്തിര പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ തീരുമാനിച്ചു.
പൊതുമരാമത്ത് വകുപ്പ്, കെസ്.ഇ.ബി, വാട്ടർ അതോറിറ്റി, പോലീസ്, കോതമംഗലം നഗരസഭ, വിവിധ പഞ്ചായത്ത് സെക്രട്ടറിമാർ, പഞ്ചായത്ത് പ്രസിഡണ്ടുമാർ, ഫയർ ഫോഴ്സ്, റവന്യൂ, ആരോഗ്യവകുപ്പ്, എക്സൈസ്, മോട്ടോർ വാഹന വകുപ്പ്, ഗതാഗത വകുപ്പ് എന്നീ വകുപ്പുകളുടെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. തീർഘാടന കേന്ദ്രത്തിലേക്ക് എത്തുന്ന വിശ്വാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ വകുപ്പുകളുടെ ഏകോപനത്തിന് കോതമംഗലം നിയോജകമണ്ഡലം എം.എൽ.എ ആൻ്റണി ജോൺ ചെയർമാനായും കോതമംഗലം തഹസീൽദാർ അനിൽകുമാർ ജനറൽ കൺവീനറായും വിവിധ വകുപ്പ് ഉദ്യോഗസ്ഥർ കൺവീനർമാരായും കമ്മിറ്റികൾ രൂപീകരിച്ചു. കണ്ട്രോൾ റൂമിൻ്റെ പ്രവർത്തനം സെപ്റ്റംബർ 25 മുതൽ ആരംഭിക്കുവാനും തീരുമാനിച്ചു. സുരക്ഷക്രമീകരണങ്ങളുടെ ആവശ്യത്തിനായി സി.സി.റ്റി.വി ക്യാമറകൾ സ്ഥാപിക്കുവാനും തീരുമാനിച്ചു.
സെപ്തംബർ 25 ന് കോതമംഗലം പെരുന്നാളിന് കൊടികയറും. ഒക്ടോബർ 4 വരെ കോതമംഗലം തീർത്ഥാടനവും പരി. ബവായുടെ 339 -ാം ഓർമ്മപ്പെരുന്നാളും വിപുലമായി ആഘോഷിക്കുന്നു. യോഗത്തിൽ ആൻ്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മാർ തോമ ചെറിയ പള്ളി വികാരി സ്വാഗതം ആശംസിച്ച് പെരുന്നാൾ ക്രമികരണങ്ങൾ വിശദീകരിച്ചു. കോതമംഗലം നഗരസഭ ചെയർമാർ കെ.കെ. ടോമി, കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാമച്ചൻ ജോസഫ്,കൗൺസിലർമാരായ കെ. എ.നൗഷാദ്, കെ.വി.തോമസ്, ഷിബു കുര്യാക്കോസ്, റിൻസ് വർഗീസ്, മാർ തോമ ചെറിയ പള്ളി ട്രസ്റ്റിമാരായ ബേബി തോമസ് ആഞ്ഞിലിവേലിൽ , സലിം ചെറിയാൻ മാലിയിൽ, ബിനോയി തോമസ് മണ്ണൻചേരിയിൽ, ബേബി പാറേക്കര,എബി വർഗീസ് ചേലാട്ട് എന്നിവർ പ്രസംഗിച്ചു….