കോതമംഗലം: ബൈക്കിൽ കഞ്ചാവ് വിൽപന നടത്തിയ കേസിലെ പ്രതിയ്ക്ക് മൂന്നുവർഷം കഠിന തടവും, 25000 രൂപ പിഴയും വിധിച്ചു. കോട്ടയം വിജയപുരം കൊശമറ്റം കോളനിയിൽ വൃന്ദാവനം വീട്ടിൽ ലക്ഷ്മണൻ (26) നെയാണ് പറവൂർ അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്‌ജി മുജീബ് റഹ്മാൻ തടവും പിഴയും വിധിച്ചത്. 2017 ഡിസംബർ 8 ന് ആണ് സംഭവം. കോതമംഗലം കോഴിപ്പിള്ളി ജംഗ്ഷനിൽ നിന്ന് രണ്ട് കിലോ നൂറ്റിപ്പത്ത് ഗ്രാം കഞ്ചാവുമായാണ് ലക്ഷ്മണനെ പിടികൂടിയത്. ഡി.വൈ.എസ് .പി അഗസ്റ്റിൻ മാത്യു, ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്.ഐ വി .എം രഘുനാഥ്, എസ്.സി.പി.ഒ അജീഷ് കുട്ടപ്പൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ ഹരി ഹാജരായി.
