കുട്ടമ്പുഴ: പശുക്കളെ തിരഞ്ഞു വനത്തിന് ഉള്ളിൽപോയ മൂന്നുസ്ത്രീകളെയും കണ്ടെത്തി. വനത്തിൽനിന്നും 6കിലോമീറ്റർ അകലെ അറക്കമുത്തി ഭാഗത്ത്നിന്നാണ് സ്ത്രീകളെകണ്ടെത്തിയത്. ഇവർക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.ഉൾവനമായതിനാൽ ഇവർ ചെന്നുപ്പെട്ട സ്ഥലത്തേക്ക് വാഹനം ചെല്ലുമായിരുന്നില്ല. വനത്തിൽനിന്നും സ്ത്രീകളുമായിതിരിച്ച രക്ഷാസംഘം ഒരു മണിക്കൂറുകൊണ്ട് നടന്ന വീട്ടിലെത്തി. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മൂന്നു സ്ത്രീകളെ വനത്തിൽകാണാതായത്. പശുക്കളെ കണ്ടെത്താനായി ഉച്ചയ്ക്ക്ഒരുമണിയോടെ ഇവർ വനത്തിനുള്ളിലേക്ക് പോവുകയായിരുന്നു. ഇതിൽ മായയുമായി ഇന്നലെ വൈകിട്ട് നാലുമണിവരെ ഭർത്താവ് ഫോണിൽ സംസാരിച്ചിരുന്നു. ഇതിനിടെ,ബാറ്ററി ചാർജ്തീർന്ന് മെബൈൽഫോൺ സ്വിച്ച് ഓഫായി. പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. തുടർന്ന് പൊലീസും ഫയർ ആൻ്റ് റെസ്ക്യൂ ഫോഴ്സും വനംവകുപ്പും നാട്ടുകാരും ചേർന്നു തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് രാത്രി നീണ്ട തിരച്ചിലുകൾക്ക്ശേഷം മൂന്നുപേരെയും സുരക്ഷിതരായി കണ്ടെത്തിയത്.
പശുവിനെ തിരഞ്ഞ് കാട്ടിലെത്തികുടുങ്ങിയ മൂന്ന് സ്ത്രീകളും ഒരുരാത്രി കഴിച്ചുകൂട്ടിയത് പാറക്കെട്ടിന് മുകളിലായിരുന്നു. ചുറ്റും ആനകളെത്തിയതോടെയാണ് ഇവർ പാറകെട്ടിന് മുകളിൽകയറിയത്. ആനയെകണ്ട് ചിതറിയോടിയ ഇവർ ആദ്യം ഒരുമരപ്പൊത്തിൽ ഒളിച്ചിരുന്നു. അവിടെ ആന എത്തിയതോടെ വീണ്ടും ഓടി പാറക്കെട്ടിനടുത്ത് അഭയം തേടുകയായിരുന്നു. വനത്തിനകത്ത് ഒരുരാത്രി കഴിച്ചുകൂട്ടിയത് പുരയുടെ വലിപ്പമുള്ള വലിയപാറയുടെ മുകളിലായിരുന്നുവെന്ന് കുട്ടമ്പുഴയിലെ വനത്തിൽനിന്ന് പുറത്തെത്തിയ പാറുക്കുട്ടി പറഞ്ഞു. വഴിതെറ്റിയാണ് തങ്ങൾ വനത്തിൽ അകപ്പെട്ടു പോയതെന്നും രാത്രി തീരെഉറങ്ങിയില്ലെന്നും ഇവർപറഞ്ഞു. വലിയ പാറയിലാണ് കയറിനിന്നത്. എവിടെനിന്ന്ആനവന്നാലും ഞങ്ങളെ പിടിക്കാനാകില്ല. അടുത്തിരിക്കുന്ന ആളെ പോലും കാണാൻ ആകാത്തയത്രയും കൂരിരുട്ടായിരുന്നുവെന്നും അവർ പറഞ്ഞു.
ചെക്ക് ഡാം വരെ വഴി തെറ്റാതെയാ ഞങ്ങൾ വന്നത്. അതുകഴിഞ്ഞ പ്പോൾ വഴിതെറ്റി. മുമ്പോട്ട് പോകേണ്ടതിനു പകരം പിറകോട്ട്പോയി. ആന നടന്ന വഴിച്ചാലാണ്. അങ്ങനെയാണ് വനത്തിൽ അകപ്പെട്ടത്. വെളുപ്പിന് രണ്ടരവരെ ആന സമീപത്തൊക്കെ ഉണ്ടായിരുന്നു.എന്നാൽ, ഉപദ്രവിക്കാൻ ശ്രമംനടന്നില്ല. ആന കൈയും കാലും കുത്തി കയറിയാലും ഞങ്ങൾക്ക് മാറാനുള്ള സൗകര്യമുണ്ടായിരുന്നു.
പാറുക്കുട്ടിക്ക് വനമേഖലയെക്കുറിച്ച് നല്ലപരിചയമുണ്ടെങ്കിലും രാത്രി ആയതിനാൽ സ്ഥലംമാറിപ്പോവുകയായിരുന്നു.കോതമംഗലം എംഎൽഎ ആന്റണി ജോൺഅഭ്യർത്ഥി ച്ചതിനെ തുടർന്ന് വനം വകുപ്പ്മന്ത്രിശശീന്ദ്രൻ ഇടപെട്ട് രാത്രിതന്നെ 40 പേരോളം വരുന്നസംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കാടിന്റെ ആറ്കിലോമീറ്റർ ചുറ്റളവിൽ തിരച്ചിൽ നടത്തിയിരുന്നു.
ഇതിൽ ഫലം കാണാതെ വന്നതോടെ രാവിലെ ഡ്രോൺ ഉപയോഗിച്ച് പരിശോധിക്കാൻ കലക്ടർക്ക് വനംമന്ത്രി എ.കെ ശശീന്ദ്രൻ വീണ്ടും നിർദേശം നൽകിയിരുന്നു. വനം വകുപ്പ് ജീവനക്കാർ, ഫയർഫോഴ്‌സ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ അതിരാവിലെ തിരച്ചിൽ പുനരാരംഭിച്ചിരുന്നു. 25ഓളം പേരടങ്ങുന്ന സംഘമാണ് ഇവരെ കണ്ടെത്തിയത്. മൂന്നു പേർക്കും ആരോഗ്യ പ്രശ്നങ്ങളൊന്നുംഇല്ലെന്നും ഡി.എഫ്.ഒ.അറിയിച്ചു.
ഫോട്ടോ: വനത്തിൽ ഒറ്റപ്പെട്ട് പോയ മായ ജയൻ, പാറുക്കുട്ടി കുഞ്ഞുമോൻ, ഡാർളി സ്റ്റീഫൻ എന്നീ 3 പേരെ രക്ഷപ്പെടുത്തിയ ദൗത്യ സംഘം ആന്റണി ജോൺ എം എൽ എ യോടൊപ്പം.