കോതമംഗലം : കോതമംഗലം സ്വദേശികൾക്ക് സുപരിചിതനായ വ്യക്തിയാണ് അനുര മത്തായി. നെല്ലിക്കുഴി കുറ്റിലഞ്ഞിക്കാരൻ കോതമംഗലം എം എ ആർട്സ് ആൻഡ് സയൻസ് കോളേജിലെ പഠനകാലത്ത് വിവിധ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വിദ്യാർത്ഥി കൂടിയായിരുന്നു. കോളേജിന്റെ ചെയർമാൻ സ്ഥാനം നിരവധി തവണ അലങ്കരിച്ച നേതാവ് കൂടിയാണ് അനുര മത്തായി. തുടർന്ന് സിനിമ മേഖലയിൽ പ്രവർത്തിച്ചെങ്കിലും ജോലി സംബന്ധമായി ദുബായിലേക്ക് ചേക്കേറുകയായിരുന്നു.
ഒന്നിച്ചു പഠിച്ച നാല് സുഹൃത്തുക്കളായ സ്റ്റാൻലി (നിവിൻ പോളി), അജിത് (സിജു), ജസ്റ്റിൻ (സൈജു), സുനിൽ (അജു) ബാച്ചിലർ നാളിൽ ഇവർ ഒന്നിച്ചൊരു കളർഫുൾ വീക്കെൻഡ് ആഘോഷിക്കാൻ ഇട്ട പ്ലാൻ ചില കാരണങ്ങൾ കൊണ്ട് നടക്കാതെ നീളുന്നതും , അതിനെത്തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമായാണ് സിനിമ. ‘കായംകുളം കൊച്ചുണ്ണിക്ക്’ ശേഷം റോഷൻ ആൻഡ്രൂസ്- നിവിൻ പോളി കൂട്ടുകെട്ടിൽ പിറന്ന ‘സാറ്റർഡേ നൈറ്റ്’ സിനിമയിലാണ് അനുര മത്തായി നിവിൻ പോളിയുടെ കഥാപാത്രമായ സ്റ്റാൻലിയുടെ വില്ലനായി സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. അതി സമ്പന്നനായ വിജയ് റായിയുടെ(അനുര മത്തായി) മകളുമായി സ്റ്റാൻലി പ്രണത്തിലാകുന്നതും തുടർന്നുണ്ടാകുന്ന സംഘർഷങ്ങളുമായാണ് സിനിമ മുന്നേറുന്നത്.
വൻ താര നിരയുമായി അണിയിച്ചൊരുക്കിയിരിക്കുന്ന സൗഹൃദങ്ങളിൽ ചാലിച്ച ‘സാറ്റർഡേ നൈറ്റ്’ കോതമംഗലം ആൻ സിനിമാസിൽ നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കുന്നത്. സുഹൃത്തിനെ ബിഗ് സ്‌ക്രീനിൽ കാണുവാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് റിജോ കുര്യൻ ചുണ്ടാട്ട് വെളിപ്പെടുത്തുന്നു. ചാർട്ടേർഡ് വിമാനങ്ങളും നിരവധി ബിസിനസ് സംരംഭങ്ങളും നടത്തുന്ന വിജയ് റായി എന്ന കഥാപാത്രത്തെ തന്മയത്തത്തോടെ അവതരിപ്പിക്കുവാൻ അനുരയുടെ ശരീരഭാഷ വലിയ പങ്കുവഹിക്കുകയും ചെയ്‌തിട്ടുള്ളതായി കോതമംഗലത്തെ പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ജീവിതത്തിൽ സൗഹൃദങ്ങൾക്ക് വളരെയധികം ഇഴയടുപ്പം സൂക്ഷിച്ചിരുന്ന അനുര മത്തായി ബിഗ് സ്ക്രീനിൽ നിറഞ്ഞുനിൽക്കുന്നത് വലിയ അഭിമാനമായി മാറിയിരിക്കുകയാണ് കൂട്ടുകാർക്ക്.