കോതമംഗലം: തങ്കളം – കോഴിപ്പിള്ളി ബൈപാസ് ആദ്യ റീച്ചിൽ റോഡ് ലൈറ്റനിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിന് എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.നിർമ്മാണം പൂർത്തീകരിച്ച തങ്കളം – കോഴിപ്പിള്ളി ബൈപാസിലെ ആദ്യ റീച്ചായ തങ്കളം മുതൽ കലാ ഓഡിറ്റോറിയം വരെയുള്ള ബൈപ്പാസ് റോഡിൽ ആവശ്യമായ വെളിച്ച സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഇരു സൈഡുകളിലുമാ യി 60 വാട്ടിന്റെ 73 എൽ ഇ ഡി ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. ഏഴു മീറ്റർ ഉയരത്തിലുള്ള പോളിലാണ് എൽ ഇ ഡി ലൈറ്റുകൾ സ്ഥാപിക്കുന്നത്.
റോഡ് നിർമ്മാണം പൂർത്തിയായതോടുകൂടി രാത്രി പകൽ വ്യത്യാസമില്ലാതെ നൂറുകണക്കിന് വാഹനങ്ങളാണ് പാതയിലൂടെ കടന്നുപോകുന്നത്. എന്നാൽ രാത്രിയായാൽ റോഡിൽ വെളിച്ചം ഇല്ലാത്തതുമൂലം പലപ്പോഴും വലിയ അപകട സാധ്യതയും നിലനിന്നിരുന്നു. അതോടൊപ്പം തന്നെ സമീപപ്രദേശങ്ങളിലെ ആരാധനാലയങ്ങളും, വ്യാപാരസ്ഥാപനങ്ങൾക്കും, വീടുകളിൽ ഉള്ളവരും ബുദ്ധിമുട്ട് നേരിട്ടിരുന്നു. മാത്രമല്ല ടി റോഡിന്റെ ഫുട് പാത്തിലൂടെ നിലവിൽ രാവിലെയും വൈകുന്നേരവുമായി നിരവധി പേരാണ് പ്രഭാത സായാഹ്ന സവാരിക്കായി ഉപയോഗിക്കുന്നത്. വെളിച്ചമില്ലാത്തത് മൂലം പ്രഭാത- സായാഹ്ന സവാരിക്ക് എത്തുന്നവരും ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഈ പ്രശ്നങ്ങളൊക്കെ എല്ലാം പരിഹാരമായിട്ടാണ് ഇപ്പോൾ റോഡിന് ആവശ്യമായ വെളിച്ച സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനിച്ചിട്ടുള്ളത്. ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തി വേഗത്തിൽ പൂർത്തീകരിച്ച് കണക്ഷൻ ലഭ്യമാക്കി ലൈറ്റുകൾ പ്രവർത്തനസജ്ജമാക്കുമെന്ന് എം എൽ എ പറഞ്ഞു.






















































