കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ 2 റോഡുകൾ ആധുനീക നിലവാരത്തിൽ നവീകരിക്കുന്നതിന് 6.25 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഊന്നുകൽ- തേങ്കോട് റോഡ്, മാതിരപ്പിള്ളി പള്ളി പടി – ഇഞ്ചൂർ -പിടവൂർ എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. കവളങ്ങാട് ഗ്രാമ പഞ്ചായത്തിലെ തേങ്കോട് പ്രദേശത്തെ കൊച്ചി – മധുര ദേശീയ പാതയുമായി ഊന്നു കല്ലിൽ ബന്ധിപ്പിക്കുന്ന റോഡാണ് ഊന്നുകൽ -തേങ്കോട് റോഡ്.വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂരിൽ നിന്നും ആരംഭിച്ച് ഇഞ്ചൂർ വഴി മുനിസിപ്പാലിറ്റിയിൽ മാതിരപ്പിള്ളി പള്ളിപ്പടിയിൽ ദേശീയ പാത യുമായി ബന്ധിപ്പിക്കുന്നതാണ് പിടവൂർ- ഇഞ്ചൂർ- മാതിരപ്പിള്ളി പള്ളി പടി റോഡ്.
ഈ രണ്ടു റോഡുകളുടെയും വീതി വർധിപ്പിച്ച് ബി എം ആൻഡ് ബി സി ടാറിങ് ചെയ്താണ് റോഡ് നവീകരിക്കുന്നത്.ആവശ്യമായ ഇടങ്ങളിലെല്ലാം കൾവേർട്ടുകളും,ഡ്രൈനേജ്,ഐറിഷ് ഡ്രൈൻ , യൂട്ടിലിറ്റി ഷിഫ്റ്റിംഗ് ,റോഡ് സേഫ്റ്റിയുടെ ഭാഗമായി റിഫ്ലക്ടർ,സ്റ്റഡ്,സൈൻ ബോർഡുകൾ,സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ് അടക്കമുള്ള പ്രവർത്തികളും ഉൾക്കൊള്ളിച്ചാണ് ആധുനീക നിലവാരത്തിൽ നവീകരിക്കുന്നത്.
ഈ രണ്ടു റോഡുകളുടെയും ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണിപ്പോൾ സാധ്യമാകുന്നത്.തുടർ നടപടികൾ വേഗത്തിൽ ആക്കുമെന്നും എം എൽ എ പറഞ്ഞു.



























































