കോതമംഗലം: ഇല്ലാത്ത കുടിവെള്ള കണക്ഷന് പണം അടച്ചില്ലെന്നുപറഞ്ഞ് ജല അതോറിറ്റിവക റിക്കവറി നോട്ടീസ്. കവളങ്ങാട് തലക്കോട് കൂവക്കാട്ടിൽ കെ.എം. തോമസിനാണ് (ഷാജി) വ്യാഴാഴ്ച കുടിശ്ശിക അടയ്ക്കാത്തതിന് ജല അതോറിറ്റി കോതമംഗലം സബ് ഡിവിഷൻ ഓഫീസിൽനിന്നും നോട്ടീസ് ലഭിച്ചത്.2,332 രൂപ കുടിശ്ശികയുണ്ടെന്നും ഏഴുദിവസത്തിനകം ഇതടച്ചില്ലെങ്കിൽ ജില്ലാ കളക്ടർ മുഖേന റവന്യൂ റിക്കവറി നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിലുള്ളത്. കുടിശ്ശിക വരുത്തിയതിന് കണക്ഷൻ വിച്ഛേദിച്ചതായും പറയുന്നുണ്ട്.വീട്ടിൽ ജല അതോറിറ്റിയുടെ കണക്ഷൻ ഉണ്ടായിട്ടുവേണ്ടേ വിച്ഛേദിക്കാൻ എന്നാണ് തോമസിന്റെ ചോദ്യം.
തോമസിന്റേതടക്കം സമീപത്തെ പത്തുവീടുകളിൽ വാട്ടർ കണക്ഷൻ ഇല്ല. അതുകൊണ്ട് ബിൽ മാറി വന്നതാണെന്നും കരുതാനാവില്ല.തോമസ് നോട്ടീസുമായി വാട്ടർ അതോറിറ്റി ഓഫിസിലെത്തി പരാതിപറഞ്ഞു. ഓഫീസ് സിസ്റ്റവും രേഖകളും പരിശോധിച്ചപ്പോൾ തിരിച്ചറിയൽ രേഖ ഉൾപ്പെടെ തോമസിന്റെ പേരിലാണ്. ഫോൺ നമ്പറിൽ മാത്രം മാറ്റം. 2021-ലാണ് കണക്ഷൻ നൽകിയത്. ഒരുവർഷത്തെ കുടിശ്ശിക അടയ്ക്കാത്തതുകാരണം 2022-ൽ കണക്ഷൻ വിച്ഛേദിച്ചു. പഞ്ചായത്ത് മുഖേന ജൽജീവൻ പദ്ധതിയിൽ എടുത്ത കണക്ഷനാണ്. കണക്ഷൻ നൽകിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ജല അതോറിറ്റി സബ് ഡിവിഷൻ അധികൃതർ പറഞ്ഞു. തന്റെ പേരിൽ കൃത്രിമമായി കണക്ഷനെടുത്തതിന് പരാതി നൽകുമെന്ന് തോമസ് പറഞ്ഞു.
