കോതമംഗലം : ഇരമല്ലൂർ വില്ലേജിലെ ഫെയർ വാല്യൂ പുതുക്കി നിശ്ചയിക്കുന്നതിന്
നടപടി സ്വീകരിച്ച സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജനെ നെല്ലിക്കുഴി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. സിപിഐ കോതമംഗലം മണ്ഡലം കമ്മിറ്റി ഓഫീസിലെത്തിയ മന്ത്രിക്ക് ഉപഹാരം സി പി ഐ മണ്ഡലം കമ്മിറ്റിയംഗം അബ്ദുൾസലാം നൽകി. സി പി ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം ഇ കെ ശിവൻ, ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ശാന്തമ്മ പയസ്, മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി,
ഗീത രാജേന്ദ്രൻ,യുസഫ് കെ എ, എ ആർ വിശ്വനാഥൻ, കെ ബി അൻസാർ എന്നിവർ സന്നിഹിതരായിരുന്നു.
2010 ലാണ് കേരള സർക്കാർ ഭൂമിക്ക് ന്യായവില ഏർപ്പെടുത്തിയത്. സംസ്ഥാനത്താകെ ന്യായവില നിശ്ചയിച്ചപ്പോൾ കോതമംഗലം മണ്ഡലത്തിലെ
ഇരമല്ലൂർ വില്ലേജിൽ ഉയർന്ന തുകയാണ് ന്യായവിലയായി തീരുമാനിച്ചത്. ഈ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് 2011-16ലെ യുഡിഎഫ് ഗവൺമെൻറിൻ്റെ കാലത്ത് സമർപ്പിക്കപ്പെട്ട നിവേദനങ്ങൾ ഒന്നും പരിഗണിക്കപ്പെട്ടില്ല. 2016ൽ എൽ ഡി എഫ് ഗവൺമെൻ്റ് അധികാരത്തിൽ വന്നപ്പോൾ സിപിഐ നെല്ലിക്കുഴി ലോക്കൽ കമ്മിറ്റി സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ആദ്യമായി ഇരമല്ലൂർ വില്ലേജിലെ ന്യായവില പരിഷ്കരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. എന്നാൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമായി നിർദ്ദേശിക്കപ്പെട്ട ന്യായവില വളരെ ഉയർന്നതായതിനാൽ മേൽ നടപടികൾ നിർത്തി വെക്കേണ്ടി വന്നു.കോവിഡ് വ്യാപനത്തെ തുടർന്ന് പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ല. 2021ൽ റവന്യൂ മന്ത്രിയായി കെ. രാജൻ ചുമതലയേറ്റതോടെ സിപിഐ നെല്ലിക്കുഴി
ലോക്കൽ കമ്മിറ്റി വസ്തുതകൾ വിശദമായി മന്ത്രിയെ ബോധ്യപ്പെടുത്തി.
ഇര മല്ലൂർ വില്ലേജിന്റെ സമീപ വില്ലേജുകളിൽ ഇപ്പോൾ നിലവിലുള്ള നായവിലയ്ക്ക് സമാനമായ രീതിയിൽ നായവില പുനർനിർണയിക്കണമെന്ന ആവശ്യം മന്ത്രി അംഗീകരിച്ചു. അതിനെ തുടർന്ന് താലൂക്ക് തലത്തിൽ പുതിയ ടീം രൂപീകരിക്കുകയും അവർ സമീപ വില്ലേജുകളിലെ ന്യായവിലക്ക് സമാനമായ രീതിയിൽ പുതിയ പ്രൊപ്പോസൽ തയ്യാറാക്കുകയും ചെയ്തു. ആർ ഡി ഒ തലത്തിലുള്ള എംപവർ ഏഡ് കമ്മിറ്റി പുതിയ നിർദ്ദേശം 03.04.2025ൽ അംഗീകരിച്ചിട്ടുണ്ട്. സർക്കാർ പുതിയ ന്യായവില സംബന്ധിച്ച്
ഗസറ്റ് വിജ്ഞാപനം ഇറക്കി തുടർ നടപടികൾക്ക് ശേഷം പുതുക്കിയ ന്യായവില നിലവിൽ വരും.
ഫോട്ടോ : കോതമംഗലം മണ്ഡലത്തിലെ ഇരമല്ലൂർ വില്ലേജിലെ ഫെയർ വാല്യൂ പുതുക്കി നിശ്ചയിക്കുന്നതിന് നടപടി സ്വീകരിച്ച സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജന് സി പി ഐ നെല്ലിക്കുഴി ലോക്കൽ കമ്മിറ്റിയുടെ ഉപഹാരം കോതമംഗലം മണ്ഡലം കമ്മിറ്റിൽ ഓഫീസിൽ എത്തിയ മന്ത്രിക്ക് അബ്ദുൾ സലാം നൽകുന്നു
