കോതമംഗലം :കവളങ്ങാട് ഗ്രാമപഞ്ചായത്തില്‍ അള്ളുങ്കൽ കേന്ദ്രമാക്കി പുതിയ റേഷന്‍കട അനുവദിച്ച് ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13-ല്‍ അള്ളുങ്കൽ കേന്ദ്രമാക്കിയാണ് പുതിയ റേഷന്‍കട അനുവദിച്ച് ഉത്തരവായിട്ടുള്ളത്. നിര്‍ദ്ദിഷ്ട സ്ഥലത്ത് റേഷന്‍ ഷോപ്പ് അനുവദിക്കുന്നത് മൂലം 200- 300 ഓളം കാര്‍ഡുടമകള്‍ക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുന്നത്. പ്രസ്തുത സ്ഥലത്തെ ഭൂമിശാസ്ത്രപരമായ ഘടകങ്ങള്‍ പരിഗണിച്ചാല്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നതും, എസ്.സി. വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ കൂടുതലുള്ള മേഖലയായതിനാലും,മറ്റ് റേഷന്‍കടകളില്‍ പോയി റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ 2 കി.മി. മുതല്‍ 4 കി.മി. വരെ ദൂരം സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ പ്രസ്തുത പ്രദേശത്ത് പുതിയതായി റേഷൻ ഷോപ്പ് വരുന്നതോടെ റേഷൻ കടയിലേക്കുള്ള ദൂരം കുറയുന്നത് ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുകയും ചെയ്യും.അള്ളുങ്കൽ പ്രദേശത്ത് റേഷൻ കട വേണമെന്നുള്ള ജനങ്ങളുടെ ഏറെക്കാലമായിട്ടുള്ള ആവശ്യമാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടിട്ടുള്ളതെന്നും എം എൽ എ പറഞ്ഞു.
