കോതമംഗലം:- കോതമംഗലം മണ്ഡലത്തിലെ അർഹരായ മുഴുവൻ അപേക്ഷകർക്കും ബി പി എൽ വിഭാഗത്തിലേക്ക് റേഷൻ കാർഡുകൾ മാറ്റി നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ബഹു:ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ നിയമസഭയിൽ വ്യക്തമാക്കി. മണ്ഡലത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും,രോഗബാധിതരുമായ നൂറ് കണക്കിന് കുടുംബങ്ങൾ ബി പി എൽ പട്ടികയ്ക്കു പുറത്ത് നിൽക്കുന്നത് ചൂണ്ടിക്കാട്ടി അർഹരായ മുഴുവൻ അപേക്ഷകർക്കും ബി പി എൽ വിഭാഗത്തിലേക്ക് കാർഡുകൾ മാറ്റി നൽകുന്നതിനു വേണ്ട അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമ സഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു: മന്ത്രി നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
കാർഡുടമകൾ തന്നിരിക്കുന്ന അപേക്ഷ പ്രകാരം നേരിൽ വിളിച്ച് ഹിയറിംഗ് നടത്തി ക്ലേശ ഘടകങ്ങൾക്ക് മാർക്ക് നൽകുമ്പോൾ 30 മാർക്കോ അതിൽ കൂടുതലോ ലഭിക്കുന്ന കുടുംബങ്ങളെ മാർക്കിന്റെ അടിസ്ഥാനത്തിൽ സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തി അനർഹരെ ഒഴിവാക്കി ലഭ്യമാകുന്ന ഒഴിവുകളിൽ ടി പട്ടികയിൽ നിന്ന് മുൻഗണനാ വിഭാഗത്തിലുൾപ്പെടുത്തി വരുന്നതായും ഇപ്രകാരം ക്ലേശ ഘടകങ്ങൾക്ക് മാർക്ക് നൽകുമ്പോൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും ഉൾപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസിൽ ബി പി എൽ വിഭാഗത്തിലേക്ക് റേഷൻ കാർഡുകൾ മാറ്റുന്നതിനു വേണ്ടി 3114 അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും,ഇതിൽ 1655 പേർക്ക് ബി പി എൽ വിഭാഗത്തിലേക്ക് റേഷൻ കാർഡ് മാറ്റി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടാതെ,മുൻഗണനാ പട്ടിക നിരന്തരമായ പരിഷ്കരണത്തിന് വിധേയമായതിനാൽ അനർഹരെ കണ്ടെത്തി ഒഴിവാക്കുന്ന മുറക്ക് അർഹരെ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും ബഹു: മന്ത്രി ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.
You must be logged in to post a comment Login