കോതമംഗലം: കോടതി വിധിയുടെ മറവിൽ പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ പള്ളികൾ മെത്രാൻ കക്ഷി വിഭാഗം കൈയ്യേറുന്ന സാഹചര്യത്തിൽ പരിശുദ്ധനായ മോർ ബസ്സേലിയോസ് യൽദോ ബാവായുടെ പുണ്യകബറിടം സ്ഥിതി ചെയ്യുന്ന കോതമംഗലം മാർ തോമാ ചെറിയ പള്ളിയിൽ നിന്ന് സത്യവിശ്വാസ സംരക്ഷണത്തിന്റെ പുത്തൻ പോർമുഖം തുറക്കാനുള്ള ആഹ്വാനവുമായി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കാതോലിക്കായും അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ.
ശ്രേഷ്ഠ ബാവായുടെ ആഹ്വാനത്തിന്റെ പൂർണ്ണരൂപം:
പരിശുദ്ധ സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പരിശുദ്ധ സഭയ്ക്കായി കണ്ണുനീരോടെ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുവാന്‍ നമ്മള്‍ ഓരോരുത്തരും കരുതലുള്ളവരായിരിക്കണം. സത്യവിശ്വാസികള്‍ പടുത്തുയര്‍ത്തിയതായ ദൈവാലയങ്ങള്‍ കോടതി വിധിയുടെ മറവില്‍ കയ്യേറുകയും ഇടവക ജനങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്നതായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. മൃതശരീരംപോലും, മരിച്ച വിശ്വാസിയുടെ വിശ്വാസത്തിനനുസരിച്ച് അടക്കംചെയ്യാനുള്ള സാഹചര്യം ആണ് ഇല്ലാതെ വന്നിരിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ പരിശുദ്ധ സഭ നീതിക്കുവേണ്ടിയുള്ള ശക്തമായ പോരാട്ടത്തിന് മലങ്കര സഭയില്‍ സത്യവിശ്വാസം നിലനിര്‍ത്തുവാനായി 334 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുന്നുള്ളി വന്ന 92 വയസ്സുകാരനായ മഹാപരിശുദ്ധനായ യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവായുടെ കബറിങ്കല്‍ തുടക്കം കുറിക്കുകയാണ്.
1653 ല്‍ സത്യവിശ്വാസം ചോദ്യം ചെയ്തപ്പോള്‍ മട്ടാഞ്ചേരിയില്‍ കുരിശിന്മേല്‍ ആലാത്തുകെട്ടി നമ്മുടെ പൂര്‍വ്വീകന്മാര്‍ ഏറ്റുചൊല്ലി സത്യവിശ്വാസം നിലനിര്‍ത്തുകയാണ് ഉണ്ടായത്. 2-ാം കൂനംകുരിശ് സത്യത്തിന് വീണ്ടും ഒരു വേദി ഒരുങ്ങുകയാണ്. ഈ വരുന്ന ഞായറാഴ്ച (6-10-2019) നമ്മുടെ കോതമംഗലം മാര്‍ തോമന്‍ ചെറിയ പള്ളിയില്‍ 3 മണിക്ക് ബാവായുടെ കബറിടത്തില്‍ നിന്ന് ആരംഭിച്ച് പരി. ബാവ എഴുന്നുള്ളി വന്നപ്പോള്‍ പ്രകാശം കണ്ടതായ കല്‍ക്കുരിശില്‍ ആലാത്തുകെട്ടി പൂര്‍വ്വീകര്‍ നമുക്ക് പകര്‍ന്ന് തന്നതായ സത്യവിശ്വാസം ഒരിക്കല്‍കൂടി ഏറ്റുപറയാന്‍ നമുക്ക് ഭാഗ്യം ലഭിച്ചിരിക്കുകയാണ്.
പരി. സഭയുടെ ചരിത്രത്തില്‍ എന്നും സ്മരിക്കത്തക്കവിധം പരി.സഭയിലെ എല്ലാ ദൈവാലയങ്ങളില്‍ നിന്നും ബഹു വൈദീകരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ എത്തിച്ചേരേണ്ടതാണ്. അന്നേദിവസം കുടുംബയൂണിറ്റുകള്‍ ബഹു. പള്ളിക്കാര്യത്തില്‍ ഉണ്ട് എങ്കില്‍ അതെല്ലാം മാറ്റിവച്ച് അന്ന് നടക്കുന്നതായ വിശ്വാസ പ്രഖ്യാപനത്തിലെ ചരിത്ര മുഹൂര്‍ത്തത്തില്‍ ബഹു. പള്ളിക്കാര്യത്തില്‍ നിന്നും വാഹനങ്ങള്‍ ക്രമീകരിച്ച് ദൈവമക്കള്‍ എത്തിച്ചേരുവാന്‍ കരുതലുള്ളവരായിരിക്കണം. പരി. സഭയിലെ എല്ലാ മെത്രാപ്പോലീത്തന്മാരും ബഹു. വൈദീകരും ഈ വിശ്വാസ പ്രഖ്യാപനത്തില്‍ ഉണ്ടാകുമെന്ന് ഇത്തരുണത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.
You must be logged in to post a comment Login