കോതമംഗലം: മഴക്കാലമെത്തിയതോടെ യാത്ര ഏതുസമയത്തും മുടങ്ങാമെന്ന ആശങ്കയിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ഒരു കൂട്ടം ആളുകൾ. മണികണ്ഠൻചാൽ, കല്ലേലിമേട് എന്നിവിടങ്ങളിലെയും വെള്ളാരംകുത്ത്, ഉറിയംപെട്ടി, തലവച്ചപാറ, കുഞ്ചിപ്പാറ, തേര, തുടങ്ങിയ ആദിവാസി ഉന്നതികളിലെയും താമസക്കാരുടെ പുറംലോകത്തേക്കുള്ള യാത്രയാണ് ദുരിതത്തിലാകുന്നത്. പൂയംകുട്ടി പുഴയിൽ ജലനിരപ്പ് ഉയർന്നാൽ ഈ പ്രദേശങ്ങൾ ഒറ്റപ്പെടും. ആശുപത്രി ആവശ്യങ്ങൾ പോലും മുടങ്ങുന്ന അവസ്ഥയാണ്. മണികണ്ഠൻചാലുകാരും വെള്ളാരംകുത്തുകാരും പുഴക്ക് കുറുകെയുള്ള ചപ്പാത്തിലൂടെയാണ് മറുകര കടക്കുന്നത്. പുഴയിൽ ജലനിരപ്പ് ഉയർന്നാൽ ചപ്പാത്ത് മുങ്ങുകയും വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാതെവരും. തലവച്ചപാറ, കുഞ്ചിപ്പാറ, തേര, കല്ലേലിമേട് എന്നിവിടത്തുകാർക്ക് ബ്ലാവന കടവിലെ ജങ്കാർ യാത്രയും മുടങ്ങും. അടിയന്തരഘട്ടങ്ങളിൽ മറുകര കടക്കണമെങ്കിൽ സാഹസികമായ വഞ്ചിയാത്രയെ മാത്രമേ ആശ്രയിക്കാൻ കഴിയൂ. ആയിരത്തിലേറെ വീട്ടുകാരാണ് ഓരോ മഴക്കാലത്തും ഈ പ്രതിസന്ധി നേരിടുന്നത്.
മണികണ്ഠൻചാലിലും ബ്ലാവനയിലും പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഒട്ടേറെ സമരങ്ങൾ ഇതിനായി നടന്നിട്ടുണ്ട്. വിവിധ രാഷ്ട്രീയപാർട്ടികൾ ഭരണ പ്രതിപക്ഷ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ സമരം സംഘടിപ്പിച്ചിട്ടുണ്ട്. മറ്റ് നിരവധി സംഘടനകളും സമരങ്ങൾ നടത്തി. കോടതിയിലും വിഷയം എത്തിയിരുന്നു. മണികണ്ഠൻചാലിൽ പാലം നിർമ്മിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന് നൽകിയ നിർദേശവും അവഗണിക്കപ്പെട്ടു.പാലങ്ങൾക്കുള്ള ആവശ്യം പലതവണ നിയമസഭയിൽ ഉന്നയിക്കപ്പെട്ടിരുന്നു. ഏറ്റവും ഒടുവിൽ ആന്റണി ജോൺ എം.എൽ.എ മണികണ്ഠൻചാൽ ചപ്പാത്തിന് വേണ്ടി സബ്മിഷൻ ഉന്നയിക്കുകയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മറുപടി നൽകുകയും ചെയ്തിരുന്നു. പാലത്തിന്റെ അലൈൻമെന്റിന് അംഗീകാരം ലഭിച്ചാൽ ഭരണാനുമതി നൽകുകയും ടെൻഡർ നടപടികൾക്ക് ശേഷം നിർമ്മാണം ആരംഭിക്കുകയും ചെയ്യുമെന്നായിരുന്നു മറുപടി. അലൈൻമെന്റ് ആദ്യം അംഗീകരിക്കേണ്ടത് വനംവകുപ്പാണ്. എന്നാൽ അനുമതി നൽകാതിരിക്കാൻ അവർ ഓരോ ന്യായങ്ങൾ ഉന്നയിക്കുകയാണ്. മുറിക്കേണ്ട മരങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന നിർദ്ദേശവുമായാണ് തൊട്ടുമുമ്പ് തയ്യാറാക്കിയ അലൈൻമെന്റ് വനംവകുപ്പ് മടക്കിയത്. ഇതേ തുടർന്ന് മാറ്റംവരുത്തിയ പുതിയ അലൈൻമെന്റ് വനം വകുപ്പിന്റെ പക്കലുണ്ട്.
