കോതമംഗലം : പിണ്ടിമന മുത്തംകുഴിയിൽ ക്ഷീര കർഷകൻറെ പോത്ത് വിഷബാധയേറ്റ് ചത്തു. തക്കസമയത്ത് മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ മൃഗാശുപത്രി മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. മുത്തംകുഴി സ്വദേശി സെയ്തുകുടി ഹസൈനാർ – സുലേഖ ദമ്പതികളുടെ വീട്ടിൽ വളർത്തിയിരുന്ന രണ്ടു വയസ്സ് പ്രായമുള്ള പോത്താണ് ഒരാഴ്ചയോളം പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് ചത്തുവീണത്. തീറ്റയും വെള്ളവും എടുക്കാതെ ആക്രമണ സ്വഭാവം പ്രകടിപ്പിച്ച പോത്തിന് മൃഗഡോക്ടർ സേവനം ലഭ്യമാക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞിരുന്നില്ല. സമീപത്തുള്ള ആശുപത്രിയിൽ കഴിഞ്ഞ ഒന്നര വർഷത്തോളമായി ഡോക്ടറുടെ സേവനം ലഭിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.
ഒരാഴ്ചമുമ്പ് പോത്ത് പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയപ്പോൾ പലപ്രാവശ്യം ഡോക്ടർമാരെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല എന്നാണ് ഉടമയുടെ ആരോപണം. രണ്ടുദിവസം മുമ്പ് സമീപത്തുള്ള മറ്റൊരു ഡോക്ടർ എത്തിയെങ്കിലും വൈകിപ്പോയിരുന്നു. പോത്തു ചത്തത് പേവിഷബാധയേറ്റ് ആണോ എന്ന് സ്ഥിരീകരിക്കാൻ പോലും അധികൃതർ തയ്യാറാകാത്തതിനാൽ മേലധികാരികൾ എത്തുന്നതുവരെ മൃഗാശുപത്രിക്ക് മുൻപിൽ കുത്തിയിരിപ്പ് സമരം തുടരുമെന്ന് വാർഡ് മെമ്പർ വെളിപ്പെടുത്തി.
You must be logged in to post a comment Login