മൂവാറ്റുപുഴ: പോലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും മോട്ടോര്‍ സൈക്കിള്‍ കത്തിക്കുകയും വീട്ടുകാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. വെള്ളൂര്‍കുന്നം കടാതി ഒറമടത്തില്‍ മോന്‍സി വര്‍ഗീസ് (44)നെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കടാതി സ്വദേശിയുടെ വീടിന് നേര്‍ക്കാണ് ആക്രമണം നടത്തിയത്. ഷെഡ്ഡില്‍ ഇരുന്ന ഇരുചക്രവാഹനം കനാലില്‍ തള്ളിയിട്ട് നാശനഷ്ടം വരുത്തിയതിന് പോലീസില്‍ പരാതി കൊടുത്തതിലുള്ള വിരോധമാണ് കാരണം.
പ്രതി പരാതിക്കാരനെയും കുടുംബത്തേയും അപായപ്പെടുത്താന്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീടിന് തീ വക്കുകയായിരുന്നു. വീട്ടുകാരെ കൊന്നുകളയുമെന്ന് പറഞ്ഞ് പരാതിക്കാരന്റെ അമ്മയെ ഭീഷണിപ്പെടുത്തുകയും വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയുമുണ്ടായി . വീടിന്റെ മുന്‍വശം ഷെഡ്ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് തീവച്ച് കത്തിച്ച് വീട്ടുകാരെ അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.
