പോത്താനിക്കാട്: സ്ഥിരമായി വൈദ്യുതി മുടങ്ങിയിട്ടും തകരാര്‍ കണ്ടുപിടിക്കാനാവാതെ കെഎസ്ഇബി ജീവനക്കാര്‍. പോത്താനിക്കാട് സെക്ഷനു കീഴില്‍ വരുന്ന പറന്പഞ്ചേരി, പുളിന്താനം, ആരിമറ്റം പ്രദേശങ്ങളില്‍ ഒരു മാസത്തോളമായി രാത്രി രണ്ടിനു ശേഷം ദിവസവും വൈദ്യുതി മുടങ്ങുന്നു. 11 കെവി ലൈനിലെ തകരാറുമൂലമാണ് വൈദ്യുതി മുടങ്ങുന്നത്. മുടങ്ങുന്ന വൈദ്യുതി പുലര്‍ച്ചെ ആറിന് ശേഷമേ പുനഃസ്ഥാപിക്കാന്‍ വൈദ്യുതി വകുപ്പിന് സാധിക്കുന്നുള്ളു. ലൈനുകളില്‍ തുടര്‍ച്ചയായി പരിശോധന നടത്തിയിട്ടും തകരാര്‍ കണ്ടുപിടിക്കാനാവുന്നില്ലെന്നാണ് വൈദ്യുതി വകുപ്പ് അധികൃതര്‍ പറയുന്നത്. സ്ഥിരമായി രാത്രിയില്‍ വൈദ്യുതി മുടങ്ങുന്നത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കൂടാതെ അടുത്തിടെയായി മോഷ്ടാക്കളുടെ ശല്യവും രൂക്ഷമാണ്. സമീപ പ്രദേശങ്ങളില്‍ മോഷണ നടന്ന സമയത്തെല്ലാം മോഷ്ടാക്കള്‍ വൈദ്യുതി വിതരണം തടസപ്പെടുത്തിയിരുന്നു. ഇതും ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്.
ഏതെങ്കിലും വിധത്തിലുള്ള വൈദ്യുതി തകരാറുകള്‍ സെക്ഷനില്‍ അറിയിച്ചാല്‍ അവ പരിഹരിക്കാന്‍ അധികൃതര്‍ അലംഭാവം കാണിക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. ആവശ്യമായ ജീവനക്കാര്‍ ഇല്ല എന്നാണ് ഇതിന് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ആവശ്യമുള്ള ജീവനക്കാരില്‍ പകുതി പോലും ഇപ്പോള്‍ സെക്ഷനിലില്ല. പോത്താനിക്കാട്, പല്ലാരിമംഗലം, പൈങ്ങോട്ടൂര്‍, വാരപ്പെട്ടി, ആയവന, കവളങ്ങാട് പഞ്ചായത്തുകളിലായി 25000ഓളം ഉപഭോക്താക്കളാണ് പോത്താനിക്കാട് സെക്ഷനു കീഴിലുള്ളത്. ലൈനുകള്‍ മിക്കതും പുരയിടത്തിലൂടെയും റബര്‍ തോട്ടങ്ങളിലൂടെയുമാണ് ഇപ്പോഴുമുള്ളത്. കാലവര്‍ഷത്തിന് മുന്നോടിയായി നടത്തേണ്ട ടച്ചിംഗ് ക്ലീയറന്‍സ് പലയിടത്തും ഫലപ്രദമായി നടത്തിയിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. പറന്പഞ്ചേരി മുതല്‍ പുളിന്താനം വരെ റോഡിലൂടെ പുതിയ 11 കെവി ലൈന്‍ സ്ഥാപിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇതിലൂടെ വൈദ്യുതി പ്രവഹിപ്പിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഇതും തുടര്‍ച്ചയായ വൈദ്യുതി തടസത്തിന് കാരണമാകുന്നുണ്ട്.
