കോതമംഗലം : കെഎസ്ഇബിയുടെ നെല്ലിക്കുഴി സെക്ഷന്‍ പരിധിയില്‍ രാത്രിയില്‍ വൈദ്യുത മുടക്കം മണിക്കൂറുകളോളം. നെല്ലിക്കുഴി, ഇരമല്ലൂര്‍, ചെറുവട്ടൂര്‍, കുറ്റിലഞ്ഞി,ഇരുമലപ്പടി മേഖലകളിലാണ് രാത്രികാലങ്ങളില്‍ വൈദ്യുതമുടക്കം പതിവായിരിക്കുന്നത്. 11 കെ.വി ലൈനില്‍ ഉണ്ടാകുന്ന ടച്ചിങ്ങുകളും മറ്റു തകരാറുകളുമായി ബന്ധപ്പെട്ടല്ല കറന്റ് മുടങ്ങുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ കെഎസ്ഇബി നെല്ലിക്കുഴി സെക്ഷന്‍ ഓഫീസിലേക്ക് ഉപഭോക്താക്കള്‍ വിളിച്ചാല്‍ കൃത്യം മറുപടി ലഭിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.
ഒരു വര്‍ഷം മുമ്പുവരെ നെല്ലിക്കുഴി സെക്ഷന്‍ ഓഫീസില്‍ മെച്ചപ്പെട്ട സര്‍വ്വീസായിരുന്നുവെന്നും ഇപ്പോള്‍ കുറേ നാളായിട്ട് മോശം സര്‍വ്വീസാണ് നല്‍കുന്നതെന്നും മണിക്കൂറുകളോളം കറന്റ് ഇല്ലാതാകുമ്പോള്‍ ഇരുട്ടിന്റെ മറവില്‍ മോഷ്ടാക്കളും സാമൂഹിക വിരുദ്ധരും രാസലഹരി റാക്കറ്റില്‍പ്പെട്ട സംഘങ്ങളും നെല്ലിക്കുഴി സെക്ഷന്‍ പരിധിയിലെ പല പ്രദേശങ്ങളിലും വിലസുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.പകല്‍ സമയത്ത് മാത്രമല്ലാ, രാത്രിയിലും ദുരൂഹമായ സാഹചര്യത്തില്‍ മണിക്കൂറുകളോളം വൈദ്യുതി വിഛേദിക്കപ്പെടുന്ന അവസ്ഥയാണ്. കെഎസ്ഇബി അധികൃതര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.