കോതമംഗലം: പോത്തനിക്കാട് താമസിക്കുന്ന തെങ്ങുംതോട്ടത്തിൽ ജാനു പൊന്നപ്പൻ (68) എന്ന രോഗിക്കാണ് കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ടും ഫയർഫോഴ്‌സും ചേർന്ന് വീട്ടിൽ മരുന്ന് എത്തിച്ചത്. കൊച്ചി ജില്ലാ ടി ബി സെന്ററിലെ ചികിത്സയിൽ ഉള്ള രോഗി സ്ഥിരമായി ഉപയോഗിച്ച് വരുന്ന മരുന്നുകൾ ഇവിടെ ലഭ്യമല്ലാത്തതിനാൽ ഈ വിവരം കോതമംഗലം ഫയർഫോഴ്സ് സ്റേറഷനിൽ വിളിച്ചു സേവനം ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഉടൻ കോതമംഗലം താലൂക്ക് ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തു.
വിവരമറിഞ്ഞ കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: അഞ്ജലി എൻ.യു. മരുന്നുകൾ കൊച്ചി കരുവേലിപ്പടിയിലെ ജില്ലാ ടി ബി സെന്റർ നിന്നും എത്തിച്ച് ഫയർഫോഴ്‌സിന് കൈമാറി. തുടർന്ന് ഡോക്ടരുടെ കൈയ്യിൽ നിന്നും മരുന്ന് ഏറ്റു വാങ്ങി രോഗിയുടെ വീട്ടിൽ എത്തിച്ചു നൽകി.