കോതമംഗലം : കഴിഞ്ഞ നാലു വർഷക്കാലമായി പൂയംകുട്ടിയുടെ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ മാറ്റി നിർത്താനാവാത്ത സാന്നിധ്യമാണ് ജനസംരക്ഷണ സമിതി. വന്യജീവി ശല്യം, ഫോറസ്റ്റ് അതിക്രമങ്ങൾ, പട്ടയപ്രശ്നം തുടങ്ങിയ വിഷയങ്ങളിൽ ഇടപെടുവാൻ പൂയംകുട്ടി സെന്റ് ജോർജ് പള്ളി വികാരി ഫാദർ റോബിൻ പടിഞ്ഞാറേകുറ്റിന്റെ നേതൃത്വത്തിൽ രൂപീകൃതമായ ജനകീയ കൂട്ടായ്മയാണ് ജന സംരക്ഷണ സമിതി. ആദ്യഘട്ടത്തിൽ വിവിധ കോണുകളിൽനിന്ന് സമിതിയെ നിഷ്പ്രഭമാക്കാൻ പല ശ്രമങ്ങളുണ്ടായി. ജാതി മത രാഷ്ട്രീയ ഭേദമന്യേ നിലപാടിലുറച്ച് ഈ നാലു വർഷക്കാലം നിലനിൽക്കാൻ കഴിഞ്ഞത് സമിതിയെ എല്ലാവർക്കും പ്രിയങ്കരം ആക്കി. ഒരു രാഷ്ട്രീയ പാർട്ടിയോടും ഒരു മത സമൂഹത്തോടും കൂട്ടു ചേരാതെ എല്ലാവരെയും ഉൾക്കൊണ്ട് മുൻപോട്ടു നീങ്ങുക എന്നതാണ് സമിതിയുടെ ശൈലി.
പരസ്യ നിലപാടുകൾ ചങ്കുറപ്പോടെ പറഞ്ഞും, മുഖം നോക്കാതെ നിലപാടുകൾ വ്യക്തമാക്കിയും ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെട്ട സമിതി പൂയംകുട്ടിയിലെ ജനകീയ വിഷയങ്ങളുടെ അവസാന വാക്കായി മാറി. ആർക്കും ഏതു സമയത്തും സമീപിക്കാവുന്ന സമിതിയുടെ നേതൃത്വത്തിൽ മണികണ്ഠൻ ചാൽ ചപ്പാത്ത്., വന്യജീവി ശല്യം, തുടങ്ങിയ വിഷയങ്ങളിൽ വലിയ ഇടപെടൽ തന്നെ നടക്കുകയുണ്ടായി, 2017 മാർച്ച് മാസത്തിൽ ജോണി വേങ്ങൂരാൻ എന്നയാളെ ആന ചവിട്ടിക്കൊന്ന തുമായി ബന്ധപ്പെട്ട് സമിതി നടത്തിയ കോതമംഗലം ഡി എഫ് ഒ ഓഫീസ് സമരം കോത മംഗലം കണ്ട ഏറ്റവും വലിയ ജനകീയ സമരങ്ങളിൽ ഒന്നായിരുന്നു. തുടർന്ന് ഏതു വിഷയങ്ങളിലും സമിതിയുടെ നിലപാട് എല്ലാവരും ശ്രദ്ധിച്ചിരുന്നു. ഇതേതുടർന്നാണ് ആന്റണി ജോൺ എംഎൽഎ ഏഴു കിലോമീറ്റർ സോളാർ ഫെൻസിങ് അനുവദിച്ചത്.
മണികണ്ഠൻ ചാലിൽ പട്ടയം കിട്ടാൻ ഉള്ള സാധ്യത പോലുമില്ല എന്ന പ്രചാരണം നടന്നിടത്ത് മിക്കവാറും ആളുകളുടെ പേരിൽ പട്ടയം അപേക്ഷ കൊടുക്കാൻ കഴിഞ്ഞതും ഈ വിഷയത്തിൽ നീതി തേടി കോടതിയെ സമീപിക്കാൻ കഴിഞ്ഞതും, മണികണ്ഠൻ ചാൽ ചപ്പാത്തിന് അനുകൂലമായ വിധി മനുഷ്യാവകാശ കമ്മീഷനിൽ നിന്ന് സമ്പാദിക്കാൻ കഴിഞ്ഞതും, ആലുവ മൂന്നാർ റോഡ് വീണ്ടും ചർച്ചയാക്കാൻ കഴിഞ്ഞതും എല്ലാം ജനസംരക്ഷണ സമിതിയുടെ വലിയ നേട്ടങ്ങൾ ആയിരുന്നു. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും മത സമൂഹങ്ങളോടും പൊതു പ്രവർത്തകരോടും വളരെ അടുപ്പം സൂക്ഷിക്കുന്ന ജനസംരക്ഷണ സമിതി പല കാര്യങ്ങളിലും സജീവ ഇടപെടലുകൾ നടത്തുന്നു. ഒടുവിൽ പൂയംകുട്ടി ജനവാസമേഖലയിൽ ചുറ്റും ട്രെഞ്ച് ഫ്രഞ്ച് താഴ്ത്താൻ ഉള്ള അനുമതികൂടി സ്വന്തമാക്കുമ്പോൾ സമിതി പൂയംകുട്ടിക്ക് ഏറെ പ്രിയങ്കരമായി മാറുന്നു.
എല്ലാ മനുഷ്യാവകാശ വിഷയങ്ങളിലും ധീരതയോടെ ഇടപെട്ട സമിതിയുടെ കൺവീനർ ഫാ. റോബിൻ പടിഞ്ഞാറേകുറ്റ് ഇവിടെനിന്ന് സ്ഥലംമാറി പോകുമ്പോൾ സമിതിയുടെ ഭാവി എന്താകുമെന്ന് എല്ലാവരും ഉറ്റു നോക്കുന്നുണ്ട്. കിഴക്കമ്പലം മോഡലിൽ കുട്ടമ്പുഴ പഞ്ചായത്തിൽ സ്ഥാനാർഥികളെ സമിതി നിർത്തുമോ എന്നും സംശയിക്കുന്നവരുണ്ട്. നിലവിൽ ഇത്തരം തീരുമാനങ്ങൾ ഒന്നും ഇല്ല എന്നും എന്നാൽ ആവശ്യം വന്നാൽ മടിക്കില്ല എന്നുമാണ് സമിതി നിർവാഹകസമിതി പ്രതികരിച്ചിരിക്കുന്നത്. എന്തായിരുന്നാലും ഇത്തരമൊരു ജനമുന്നേറ്റത്തിന് വലിയ പിന്തുണ ജനങ്ങൾ കൊടുക്കുന്നുണ്ട് എന്നുള്ളതിന് ഇന്ന് പോലും കുട്ടികൾ നടന്ന സമരം സാക്ഷി നിൽക്കുന്നു. തുടക്കം മുതൽ ജനങ്ങൾക്കൊപ്പം സമിതി നേതൃത്വം നിലയുറപ്പിച്ചു. എന്നാൽ വളരെ സമാധാനപൂർണമായും നിലപാടുകളിൽ ഉറച്ചു നിന്നും സമിതി കൺവീനർ കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ എല്ലാവരും അതിനോട് സഹകരിക്കുന്നത് ആണ് കണ്ടത്. ഇത് സമിതിയുടെ സ്വീകാര്യതയുടെ ഒരടയാളവുമാണ്.